
പുത്തൻകുരിശ് : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഭൗതിക ശരീരം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലെ ക്രമീകരണങ്ങൾക്കു ശേഷം ഇന്ന് രാത്രി ആശുപത്രിയിൽ നിന്ന് ആലവു പെരുമ്പാവൂർ വഴി കോതമംഗലം ചെറിയ പള്ളിയിൽ എത്തിക്കുന്നു. തുടർന്ന് അവിടെ പൊതുദർശനത്തിന് വയ്ക്കുന്നു. നാളെ രാവിലെ 8 മണിക്ക് വി. കുർബ്ബാന കോതമംഗലം ചെറിയ പള്ളിയിൽ നടക്കും. 9.30 ന് പരിശുദ്ധ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെയും വർക്കിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗം. തുടർന്ന് 10.30 ന് കബറടക്ക ശുശ്രൂഷയുടെ പ്രാരംഭ ക്രമങ്ങൾ ആരംഭിക്കുന്നു. ഉച്ചനമസ്ക്കാരം കഴിഞ്ഞ് 1 മണിക്ക് കോതമംഗലം ചെറിയ പള്ളിയിൽ നിന്ന് വലിയ പള്ളിയിൽ എത്തിച്ചേരുന്നു. തുടർന്ന് 2 മണിക്ക് കോതമംഗലം വലിയ പള്ളിയിൽ നിന്ന് മൂവാറ്റുപുഴ വഴി 4 മണിക്ക് പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ ഭൗതിക ശരീരം എത്തിച്ചേരും. ശേഷം പൊതു ദർശനം. നവംബർ 2-ാം തീയതി ശനിയാഴ്ച രാവിലെ 8 മണിക്ക് പാത്രിയർക്കാ സെൻ്റർ കുത്തീഡ്രലിൽ വി.കുർബ്ബാന ഉണ്ടായിരിക്കും. 3 മണിക്ക് കബറടക്ക ശുശ്രൂഷയുടെ സമാപന ക്രമങ്ങൾ ആരംഭിക്കും.

ശ്രേഷ്ഠ ബാവായുടെ വിയോഗത്തിൽ പള്ളികളിലും, പള്ളി വക സ്ഥാപനങ്ങളിലും 14 ദിവസത്തെ ദുഃഖാചരണം. സഭയുടെ കീഴിലുള്ള പള്ളി വക സ്ഥാപനങ്ങളിൽ നവംബർ 1, 2 തീയതികളിൽ അവിടുത്തെ ക്രമികരണങ്ങൾ അനുസരിച്ചു അവധി നൽകേണ്ടതാണ്. സഭയുടെ ദൈവാലയങ്ങളിൽ ദുഃഖാചരണം ആയത് കൊണ്ട് പെരുന്നാളുകൾ മറ്റ് പൊതു പരിപാടികളും നടക്കുന്നു എങ്കിൽ അത് ആഘോഷങ്ങൾ ഇല്ലാതെ നടത്തപ്പെടേണ്ടത് ആണെന്ന് സഭാ നേതൃത്വം വാർത്താസമ്മേളനത്തിൽ അറിയിച്ചു.