കോതമംഗലം: കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ 4,56,689 കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് മന്ത്രി കെ. രാജൻ. കുട്ടമ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച കോതമംഗലം താലൂക്കിലെ പട്ടയ വിതരണം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭൂരഹിതരായ എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിച്ചത്. അതിന്റെ ഭാഗമായി രൂപം നൽകിയ പട്ടയ മിഷൻ വഴി കാലങ്ങളായുള്ള തടസങ്ങൾ നീക്കി അർഹരായവർക്ക് പട്ടയം അനുവദിക്കാൻ കഴിഞ്ഞു. കോതമംഗലത്തെ 104 കുടുംബങ്ങൾക്ക് കുട്ടമ്പുഴയിൽ നടന്ന ചടങ്ങിൽ പട്ടയങ്ങൾ കൈമാറി.
ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ച് പട്ടയങ്ങൾ വിതരണം ചെയ്തു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് മുഖ്യാതിഥിയായി. ജില്ലാ കളക്ടർ ജി. പ്രിയങ്ക, കോതമംഗലം നഗരസഭാ ചെയർപേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, എംപിഐ ചെയർമാൻ ഇ.കെ. ശിവൻ തുടങ്ങിയവർ പങ്കെടുത്തു.
