
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെ സീബ്രലൈനുകൾ മാഞ്ഞുപോയി. പ്രായമായവരും വിദ്യാർത്ഥികളും ഇതുമൂലം റോഡ് മുറിച്ച് കടക്കുവാൻ ഏറെ പ്രയാസപ്പെടുകയാണ്. പരാതികൾ നിരവധി നൽകിയെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല.നഗരഹൃദയമായ കച്ചേരിത്താഴം, വെള്ളൂർകുന്നം, പി.ഒ. ജംഗ്ഷൻ എന്നിവിടങ്ങളിലെ സീബ്രലൈനുകൾ മാഞ്ഞുപോയിട്ട് മാസങ്ങളായി. സീബ്രലൈൻ ഇല്ലാത്തതിനാൽ കൊച്ചി- ധനുഷ്കോടി ദേശീയ പാതയിലെ വൺവേ ജംഗ്ഷന് സമീപത്തെ തർബിയത്ത് സ്കൂൾ ജംഗ്ഷൻ അപകടമേഖലയായി. നൂറുകണക്കിന് വിദ്യാർഥികളടക്കം സഞ്ചരിക്കുന്ന ജംഗ്ഷനിൽ കാൽ നടയാത്രക്കാർ റോഡ് മുറിച്ച് കടക്കുമ്പോൾ അപകടങ്ങൾ പതിവാണ്. ഇവിടത്തെ സീബ്ര ലൈൻ മാഞ്ഞുപോയിട്ട് ഒരു വർഷം കഴിഞ്ഞു.

50 മീറ്റർ ദൂരത്തിൽ മൂന്ന് ജംഗ്ഷനുകളാണ് ഇവിടെയുള്ളത്. ഇതിനിടയിൽ രണ്ട് ബസ് സ്റ്റോപ്പും ഹൈപ്പർ മാർക്കറ്റും നിരവധി വ്യാപാര സ്ഥാപനങ്ങളുമുണ്ട്. ഇതിനടുത്തായി എം.ഐ.ഇ.ടി ഹൈസ്കൂളുമുണ്ട്. പരാതിക്കൊടുവിൽ രാവിലെയും, വൈകിട്ടും ഇവിടെ പൊലീസുകാരന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. മറ്റു സമയങ്ങളിൽ വയോധികർ അടക്കമുള്ളവർക്ക് റോഡ് മുറിച്ച് കടക്കാൻ ഏറെനേരം കാത്തുനിൽക്കേണ്ട അവസ്ഥയാണ്.
നഗരറോഡുകളിലെ പ്രധാന കവലകളിൽ സീബ്രാലൈൻ വരച്ച് ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കുവാൻ അധികാരികൾ തയ്യാറാകണം. അല്ലാത്ത പക്ഷം അപകടങ്ങൾ തുടർക്കഥയാകും.