
മൂവാറ്റുപുഴ: മൂവാറ്റുപുഴ- കോതമംഗലം ബൈപ്പാസ് പദ്ധതികൾ യഥാർത്ഥ്യമാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവുമായി ചർച്ച നടത്തി. പദ്ധതിക്ക് വേണ്ടി 3ഡി വിജ്ഞാപനം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ടാണ് എം.പി ഇടപെടൽ നടത്തിയത്. പദ്ധതിയുടെ 3 എ വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് ഡിസംബർ മാസത്തിൽ ഒരു വർഷം പൂർത്തീകരിക്കും. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് കൂടുതൽ തുക ചെലവാകുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് 3ഡി വിജ്ഞാപനത്തിന് കാലതാമസം നേരിട്ടത്. എന്നാൽ, ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ തുക കൃത്യമായി വിലയിരുത്തി പദ്ധതി യാഥാർത്ഥ്യമാക്കണമെന്നാണ് എം.പിയുടെആവശ്യം. 3 പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ടാണ് ബൈപ്പാസ് പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. തുടർന്ന് എം.പി ഇടപെട്ട് വേഗത്തിൽ തന്നെ പദ്ധതിക്കായി 3എ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

പദ്ധതി യഥാർത്ഥ്യമാകുന്ന ഘട്ടം എത്തി നിൽക്കേ അവിടെ നിന്ന് പിന്നോട്ട് പോകുന്നത് ചിന്തിക്കാൻ പോലും സാധിക്കുകയില്ല. 3ഡി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള അംഗം വെങ്കട്ട രമണ അറിയിച്ചിട്ടുണ്ട്.
ഡീൻ കുര്യാക്കോസ് എം.പി
ടൂറിസം കേന്ദ്രങ്ങൾക്കും ഗുണകരം
കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയതിനെ തുടർന്ന് കേന്ദ്ര സർക്കാർ മുഴുവൻ തുകയും വഹിക്കുന്നതിന് ധാരണയായിരുന്നു. ഭൂമിയേറ്റെടുപ്പിനും നിർമാണത്തിനുമുള്ള ചെലവ് പൂർണമായും കേന്ദ്രസർക്കാർ വഹിക്കും.
ഇരുപദ്ധതികൾക്കുമായി 2565 കോടി രൂപയോളം ചെലവഴിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇടുക്കിയിലെ ടൂറിസം കേന്ദ്രങ്ങൾക്കും പദ്ധതി ഗുണകരമാണ്. 30 മീറ്റർ വീതിയിൽ രണ്ടുവരി പാതയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇരുവശത്തും നടപ്പാതകളും നിർമ്മിക്കും.
ഡിസംബർ മാസത്തിൽ രണ്ട് റോഡുകളുടെയും വിശദമായ പദ്ധതി രേഖ തയ്യാറാകുമെന്നാണ് പ്രതീക്ഷ.