
കോതമംഗലം: പ്ലാറ്റിനം ജൂബിലി നിറവിൽ നെല്ലിമറ്റം സെന്റ് ജോസഫ്സ് യുപി സ്കൂൾ. ജൂബിലി ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സ്കൂൾ മാനേജർ ഫാ. ജോർജ് കുരിശുംമൂട്ടിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. 1950ൽ ആരംഭിച്ച നെല്ലിമറ്റം സെന്റ് ജോസഫ് എൽപി സ്കൂൾ പിന്നീട് യുപി സ്കൂളായി ഉയത്തി 75 വർഷം പൂർത്തീകരിക്കുകയാണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾ കഴിഞ്ഞ ഫെബ്രുവരി ഒന്പതിന് കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി സെക്രട്ടറി ഫാ. മാത്യു മുണ്ടക്കൽ നിർവഹിച്ച് തുടർ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 75 ഇന കർമ പദ്ധതികളാണ് വിഭാവനം ചെയ്ത് നടത്തിവരുന്നത്. പദ്ധതികളിൽ പ്രധാനമായുളള എക്സിബിഷൻ എക്സ്പോ 2കെ24 29ന് രാവിലെ 10.30ന് ആന്റണി ജോണ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ജൂബിലി സ്മാരകമായി തയാറാക്കിയ പോസ്റ്റൽ സ്റ്റാന്പിന്റെ പ്രകാശനം കോതമംഗലം രൂപത ചാൻസിലർ റവ.ഡോ. ജോസ് കുളത്തൂർ നിർവഹിക്കും.
ഒന്നിന് രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് 1.30 വരെ പൂർവ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ ആലുവ രാജഗിരി ആശുപത്രിയുടെ സഹകരണത്തോടെ മെഗാ സൗജന്യ മെഡിക്കൽ ക്യാന്പ് പൊതുജനങ്ങൾക്കായി നടത്തും. രാവിലെ 9.30ന് കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു ക്യാന്പ് ഉദ്ഘാടനം ചെയ്യും.

27ന് സ്കൂളിലെ പൂർവ അധ്യാപക, വിദ്യാർഥി സമ്മേളനം നടക്കും. ഏറ്റവും പ്രായമായ അധ്യാപകരെയും വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ വിദ്യാർഥികളെയും ചടങ്ങിൽ ആദരിക്കും. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം 2025 ഫെബ്രുവരിയിൽ മതമേലധ്യക്ഷന്മാരേയും സാമൂഹിക രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിലെ പ്രമുഖരായ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് നടത്തും.
വാർത്താ സമ്മേളനത്തിൽ സ്കൂൾ മാനേജർക്കൊപ്പം, പ്രധാനാധ്യാപകൻ വിനു ജോർജ്, പിടിഎ പ്രസിഡന്റ് ആന്റണി പെരേര, എംപിടിഎ ചെയർപേഴ്സണ് ഷീജ ജിയോ, സ്റ്റാഫ് സെക്രട്ടറി സൗമ്യ ജോസ്, പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് ജോയി പോൾ എന്നിവർ പങ്കെടുത്തു.