
വീടുകൾ വാടകയ്ക്ക് എടുത്തും ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷൻ എടുക്കാതെയും ഹോം സ്റ്റേ എന്ന ബോർഡ് വെച്ച് വിദേശികളെയും സ്വദേശികളെയും താമസിപ്പിക്കുന്ന സംസ്ഥാനത്തെ വ്യാജ ഹോസ്റ്റലുകൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. തദ്ദേശസ്വയം ഭരണ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും കേരള ഹോം സ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റിയുടെയും ഹോംസ്റ്റേ സംരംഭകരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ആവശ്യമായ രേഖകൾ ഇല്ലാതെ പ്രവർത്തിച്ചുവരുന്ന ഹോംസ്റ്റേകളുടെ വിവരം ശേഖരിക്കാനും നടപടി സ്വീകരിക്കാനും തദ്ദേശ സ്വയംഭരണ വകുപ്പും ടൂറിസം വകുപ്പും സംയുക്തമായി തീരുമാനിച്ചു.

നിലവിൽ പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷനുകളിൽ നിന്നും ഓണർ സർട്ടിഫിക്കറ്റും റസിഡന്റ്സ് സർട്ടിഫിക്കറ്റും ഉൾപ്പെടെ എട്ടോളം ഡോക്യുമെന്റുകളാണ് ക്ലാസിഫിക്കേഷന് വേണ്ടി ഓൺലൈനായി ടൂറിസം ഓഫീസിൽ സമർപ്പിക്കേണ്ടത്. ഒരു വീട്ടിൽ ഫാമിലി താമസിക്കുന്നത് ഒഴിച്ച് പരമാവധി 6 മുറികൾ ടൂറിസ്റ്റുകൾക്കായി മാറ്റിവയ്ക്കാം.
തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ ജോയിൻ ഡയറക്ടർമാരായ സുമേഷ്, ജോസ്ന, സംസ്ഥാന ടൂറിസം ഉപദേശക സമിതി അംഗം എം.പി. ശിവദത്തൻ, ടൂറിസം കൺസൾട്ടന്റ് ഡോ. മുരളീധരമേനോൻ, കേരള ഹാർഡ്സ് ജില്ലാ പ്രതിനിധികളായ സന്തോഷ് ടോം, ഇ.വി. രാജു, അശോകൻ ലക്കാസാ തുടങ്ങിയവർ പങ്കെടുത്തു.

ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റോടുകൂടി പ്രവർത്തിക്കുന്നത്
939 ഹോം സ്റ്റേകൾ
163 സർവീസ്ഡ് വില്ലകൾ
അനധികൃതമായി പ്രവർത്തിക്കുന്നത്
5000ത്തിലേറെ ഹോം സ്റ്റേകൾ
മറ്റ് തീരുമാനങ്ങൾ
തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള എല്ലാ തടസങ്ങളും നീക്കും
ഇനിമുതൽ റസിഡൻഷ്യൽ സർട്ടിഫിക്കറ്റിന് പകരം റേഷൻ കാർഡും ആധാർ കാർഡും സമർപ്പിച്ചാൽ മതിയാകും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഹോം സ്റ്റേകളുമായി ബന്ധപ്പെട്ട പ്രത്യേക രജിസ്റ്റർ സൂക്ഷിക്കും
സംരംഭകർ ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ നൽകണം