
കാക്കനാട്: ഡ്രൈവിംഗ് ടെസ്റ്റിന് അനുവദിച്ചിരുന്ന സ്ലോട്ടുകൾ റദ്ദാക്കുന്നതോടെ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും പുതിയ തീയതി ലഭിക്കാൻ 3 മാസം വരെ കാത്തിരിക്കേണ്ടിവരും.നേരത്തേ 140 പേർക്കാണ് ദിവസവും തീയതി അനുവദിച്ചിരുന്നത്. ഇനിമുതൽ ദിവസവും 80 പേർക്ക് മാത്രമാണ് ഡ്രൈവിംഗ് ടെസ്റ്റിനു തീയതി അനുവദിക്കുന്നത്. എണ്ണം കുറച്ചതിനാൽ ഡ്രൈവിംഗ് ടെസ്റ്റിന്റെ തീയതിയും നീളാൻ സാദ്ധ്യതയേറി.

അടുത്ത മൂന്നു മാസങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ സ്ലോട്ടാണ് ഏറ്റവും കൂടുതൽ റദ്ദ് ചെയ്യാൻ പോകുന്നത്. പുതിയ തീയതി ഇവർക്ക് കിട്ടുമ്പോഴേക്കും അടുത്തവർഷം പകുതിയാകും. സ്ലോട്ട് നഷ്ടപ്പെട്ട വിദ്യാർത്ഥികൾക് ടെസ്റ്റ് ഇല്ലാത്ത ബുധനാഴ്ചകളിൽ ടെസ്റ്റ് നടത്താമെന്ന് മോട്ടോർ വാഹനവകുപ്പിന്റെ ആലോചന ഉണ്ടെങ്കിലും പ്രാവർത്തികമാകുമോ എന്ന് കണ്ടറിയണം. 1500ലധികം വിദ്യാർഥികളുടെ സ്ലോട്ടുകളാണ് റദ്ദാക്കപ്പെട്ടിട്ടുള്ളത്.

നേരത്തെ 3 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ 120 വിദ്യാർത്ഥികളെ മൂന്ന് ബാച്ചായി തിരിച്ച് ഒരാൾക്ക് 40 വിദ്യാർത്ഥികൾ എന്ന രീതിയിലാണ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ ശബരിമല ഉൾപ്പെടെ മറ്റു ഡ്യൂട്ടികളിലേക്ക് മാറ്റിയതിനാൽ ഇൻസ്പെക്ടർമാരുടെ എണ്ണം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. സ്ലോട്ട് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഡ്രൈവിംഗ് സ്കൂളുകാർ പ്രതിഷേധിച്ചിരുന്നു.

ജോലിക്കും പഠനത്തിനുമായി വിദേശത്തേക്കോ മറ്റു സംസ്ഥാനങ്ങളിലേക്കോ പോകുന്നവർ വ്യക്തമായ രേഖകൾ ഹാജരാക്കിയാൽ ടെസ്റ്റിന് മുൻഗണന നൽകും. ഉദ്യോഗസ്ഥർ തിരിച്ചുവരുന്നതോടെ താത്കാലിക പ്രതിസന്ധി പരിഹരിക്കും.