
കേതമംഗലം: എറണാകുളം ജില്ലാ പഞ്ചായത്ത് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫാം ഫെസ്റ്റിന് മുന്നോടിയായുള്ള വിളംബര ജാഥ ഇന്ന് വൈകുന്നേരം 3.30ന് നേര്യമംഗലം ടൗണിൽ നടക്കും. 300 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന എറണാകുളം ജില്ലയിലെ ഏറ്റവും വലിയ ഫാമായ നേര്യമംഗലം ഫാമിൽ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വിദ്യാഭ്യാസ ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പുതുതലമുറക്കും നേര്യമംഗലം ഫാമിലെ കൃഷികളും കൃഷിരീതികളും മനസിലാക്കുന്നതിനും കാർഷികവൃത്തിയിലേക്ക് ആകർഷിക്കുന്നതിനുമായിട്ടാണ് ഫാം ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്.
നാളെ മുതൽ ഒമ്പത് വരെ എല്ലാ ദിവസവും രാവിലെ ഒൻപതു മുതൽ വൈകീട്ട് ഏഴു വരെ നടക്കുന്ന ഫാം ഫെസ്റ്റ് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. നാലിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയായിരിക്കും.
കാർഷിക പ്രദർശനവും വിപണനവും കാർഷിക സെമിനാറുകൾ, കാർഷിക ക്വിസ്, കാർഷിക യന്ത്രങ്ങളുടെ സർവീസ് ക്യാമ്പ്, ഫുഡ് കോർട്ട്, കുതിര സവാരി, കലാപരിപാടികൾ തുടങ്ങിയ പരിപാടികളോടെ സംഘടിപ്പിച്ചിട്ടുള്ള ഫെസ്റ്റിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഫാം സൂപ്രണ്ട് ജാസ്മിൻ തോമസ് എന്നിവർ അറിയിച്ചു.