
കോതമംഗലം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള നേര്യമംഗലം ഫാം ഫെസ്റ്റ് ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. സ്കൂൾ വിദ്യാർഥികളും കർഷകരുമടക്കം നിരവധി ആളുകളാണ് ഫാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

സ്റ്റാളുകളും കുതിര സവാരി, ഫാമിലെ നാടൻ വിഭവങ്ങളടക്കമുള്ള ഫുഡ് കോർട്ട്, കുട്ടികളുടെ കാർഷിക ക്വിസ് മത്സരം, പെരിയാർ തീരത്തെ അതിമനോഹര കാഴ്ച്ചകൾ, സംയോജിത ഫാമിംഗ് കാഴ്ചകൾ, സൂര്യകാന്തി തോട്ടം തുടങ്ങി നിരവധി പരിപാടികൾ ഫാമിലുണ്ട്. വിവിധ കലാപരിപാടികളും കാർഷിക സെമിനാറുകളും കാർഷിക പ്രദർശനങ്ങളും ഫോട്ടോഗ്രഫി മത്സരങ്ങളുമെല്ലാം ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
സംയോജിത കൃഷിരീതികൾ എന്ന വിഷയത്തിൽ റിട്ട. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിജുമോൻ സക്കറിയ കാർഷിക സെമിനാറിന് നേതൃത്വം നൽകി. നാല് ദിവസം നീളുന്ന ഫെസ്റ്റ് നാളെ സമാപിക്കും. രാവിലെ ഒന്പത് മുതൽ വൈകുന്നേരം അഞ്ചു വരെയാണ് പ്രദർശനം. ഇന്ന് വൈകുന്നേരം 6.30ന് നേര്യമംഗലം വ്യാപാരി വ്യവസായി ഏകോപന സമിതി സ്പോണ്സർ ചെയ്യുന്ന പാലാ സൂപ്പർ ബീറ്റ്സിന്റെ ഗാനമേളയും ഒരുക്കിയിട്ടുണ്ട്.