
മൂവാറ്റുപുഴ: മൂവാറ്റുപുഴ – എറണാകുളം റോഡിൽ കടാതിയിൽ സ്ഥാപിച്ചിരുന്ന മോട്ടോർ വാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറ തകർന്ന് കുപ്പത്തൊട്ടിയിൽ കിടക്കുവാൻ തുടങ്ങിയിട്ട് ദിവസങ്ങളാകുന്നു. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കാനകൾ നിർമ്മിക്കുന്നതിനിടെയാണ് ക്യാമറ തകർന്നത്. ക്യാമറ നിന്നിരുന്ന സ്ഥലത്തിന് അപ്പുറവും ഇപ്പുറവും കാനകളുടെ നിർമ്മാണം പൂർത്തിയായിരുന്നു. ഏതാനം ദിവങ്ങൾക്കുമുമ്പ് കാന നിർമ്മാണം പൂർത്തീകരിക്കുന്നതിനായി ക്യാമറ നീക്കം ചെയ്തപ്പോഴാണ് തകർന്നു വീണത്. ക്യാമറയുടെ സോളാർ പാനൽ പൂർണമായും തകർന്നു. യാതൊരു ശ്രദ്ധയുമില്ലാതെയാണ് ക്യാമറകൾ നീക്കം ചെയ്തതെന്ന് ഒറ്റ നോട്ടത്തിൽ മനസിലാകും. മൂവാറ്റുപുഴ മേഖലയിൽ വാഴപ്പള്ളിയിൽ ഇത്തരത്തിൽ എ.ഐ ക്യാമറ വാഹനമിടിച്ച് തകർന്നിട്ട് ഏതാനും മാസങ്ങളായി. അത് ഇതുവരെ പുനഃസ്ഥാപിച്ചില്ല. എ.ഐ ക്യാമറകളുടെ മേൽനോട്ടമുള്ള എൻഫോഴ്സ്മെന്റ് ആർ.ടി.ഒയെ ക്യാമറ നീക്കം ചെയ്യുന്ന വിവരം അറിയിച്ചിരുന്നില്ലെന്നാണ് അധികൃതർ അറിയിച്ചത്.