
പെരുമ്പാവൂർ: പെരുമ്പാവൂരിൽ 3.690 കിലോഗ്രാം കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തിൽ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ സ്വദേശികളായ കാഞ്ഞിരമറ്റം പൂതനകുന്നേൽ വീട്ടിൽ ശംഭു (24), തെക്കുംഭാഗം കണിയാംമൂഴിയിൽ വിനയരാജ് (25 ) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 3.690 കിലോഗ്രാം കഞ്ചാവുമായി ഹസൻ എന്നയാളെ പെരുമ്പാവൂർ പോലീസ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിലാണ് ഇന്നലെ രണ്ടു പേർകൂടി പിടിയിലായത്. ഹസൻ കഞ്ചാവ് വിതരണം ചെയ്തിരുന്നത് ശംഭു, വിനയരാജ് എന്നിവർ മുഖേനയായിരുന്നു. ശംഭു പെരുമ്പാവൂരിൽ ബസ് ഡ്രൈവറാണ്.
ഇടുക്കി ജില്ലയിലേക്കു കഞ്ചാവ് കടത്തിയിരുന്നത് ഇവരാണ്. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഇരുവർക്കുമെതിരെ കഞ്ചാവ് കടത്ത്, ഭവനഭേദനം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കേസുകൾ നിലവിലുണ്ട്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ടി.എം. സൂഫി, എസ്ഐമാരായ റിൻസ് എം. തോമസ്, പി.എം. റാസിക്, എസ്സിപിഒമാരായ സുബിൻ, അജിത്ത് മോഹൻ, നിഷാദ്, രജിത്ത് രാജൻ എന്നിവരാണ് ഉണ്ടായിരുന്നത്.