
കോതമംഗലം: നേര്യമംഗലം നവോദയ വിദ്യാലയത്തിൽനിന്ന് മൈഗ്രേഷന്റെ ഭാഗമായി ഉത്തർപ്രദേശിലേക്ക്പോയ വിദ്യാർഥികളെ അവിടുത്തെ സ്കൂളിലെ വിദ്യാർഥികൾ മർദിച്ചതായി പരാതി. മറ്റ് സംസ്ഥാനങ്ങളിലെ ഭാഷയും സംസ്കാരങ്ങളും ഒരു വർഷംകൊണ്ട് പഠിക്കുകയാണ് മൈഗ്രേഷൻകൊണ്ട് ലക്ഷ്യമിടുന്നത്.
നേര്യമംഗലം നവോദയ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥികളാണ് മർദനത്തിനിരയായത്. 11 ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളുമുൾപ്പെടെ 22 കുട്ടികളാണ് ഈ അധ്യയന വർഷം ആദ്യം മുതൽ ഉത്തർപ്രദേശിലെ ബലിയ നവോദയ സ്കൂളിൽ നടക്കുന്ന മൈഗ്രേഷനിൽ പങ്കെടുക്കുന്നത്. ഇതിൽ ആണ്‍കുട്ടികൾക്കാണ് മർദനമേറ്റത്. രണ്ട് പേർ ആശുപത്രിയിൽ ചികിത്സതേടിയെന്ന് രക്ഷിതാക്കളും സ്കൂൾ അധികൃതരും പറഞ്ഞു. ബുധനാഴ്ചയാണ് സംഭവം.
വരും ദിവസം നടക്കുന്ന പരീക്ഷകളിൽ പങ്കെടുത്ത് അവധിക്ക് 24ന് കുട്ടികൾ നാട്ടിലേക്ക് വരുവാൻ തയാറായിരിക്കുന്പോഴാണ് മർദനം. മുൻപും മർദനമുണ്ടായതായി രക്ഷിതാക്കൾ വ്യക്തമാക്കി.
ഉത്തർപ്രദേശിലെ ബലിയ നവോദയ സ്കൂളിലെ വിദ്യാർഥികൾ നേര്യമംഗലം സ്കൂളിൽ മൈഗ്രേഷന്റെ ഭാഗമായി പഠിക്കുന്നുണ്ട്. അവർ ഇവിടത്തെ സാഹചര്യവുമായി ഇണങ്ങി സൗഹൃദപരമായി അധ്യയനം നടത്തി വരികയാണ്. സംഭവത്തെക്കുറിച്ച് രക്ഷിതാക്കൾ സ്കൂൾ അധികൃതരുമായി ചർച്ച നടത്തി.
ഹൈദരാബാദ് റീജണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവിടെ ലോക്കൽ പോലീസ് സ്കൂളിൽ എത്തിയതായും പ്രിൻസിപ്പൽ പറഞ്ഞു. കുട്ടികൾ അവധിക്കെത്തിയാൽ തുടർന്ന് ഉത്തർപ്രദേശിലേക്ക് പഠനത്തിനായി അയയ്ക്കുവാൻ ആശങ്കയിലാണ് രക്ഷിതാക്കൾ. നവോദയ വിദ്യാലയത്തിന്റെ റീജണൽ ഓഫീസിൽ വിവരം ധരിപ്പിക്കാനും നീക്കംനടക്കുന്നുണ്ട്.