
കോതമംഗലം: കീരന്പാറ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതാണ് പ്രധാന പ്രതിസന്ധി. വേനൽക്കാലത്ത് പൈപ്പ് വെള്ളത്തിന്റെ ആവശ്യകത വർധിച്ചതോടെയാണ് പ്രതിസന്ധി കൂടിയത്.
പെരിയാറിൽനിന്നും വെള്ളം പന്പ് ചെയ്താണ് പഞ്ചായത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളിലും വിതരണം ചെയ്യുന്നത്.
വിതരണ പൈപ്പുകൾ പൊട്ടി വെള്ളം ചോർന്നുപോകുന്നത് വ്യാപകമാണ്. ഉയർന്ന പ്രദേശങ്ങളിൽ കൃത്യമായി വെള്ളം എത്തണമെങ്കിൽ ചോർച്ച പരിഹരിക്കേണ്ടതുണ്ട്. മഴക്കാലത്തു പോലും കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പഞ്ചായത്താണിത്.
പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ജലജീവൻ മിഷൻ വഴി പഞ്ചായത്തിൽ പുതിയ കുടിവെള്ള പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഈ പദ്ധതി പൂർത്തിയാകാൻ ഇനിയും രണ്ട് വർഷത്തിൽ കൂടുതൽ വേണം. നിലവിലുള്ള സംവിധാനം വഴിയുള്ള കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്തിയാൽ മാത്രമേ തൽക്കാലം ജനങ്ങളുടെ ദുരിതം കുറയ്ക്കാനാകു.
പൈപ്പ് ലൈനുകളിലെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കാൻ വാട്ടർ അഥോറിറ്റി തയാറാകാതിരുന്നതാണ് കുടിവെള്ള ക്ഷാമത്തിന് വഴിവെച്ചതെന്നാണ് ആരോപണം. അറ്റകുറ്റപ്പണിയുടെ കരാറുകാരൻ രോഗബാധിതനായി വിശ്രമത്തിലാണ്.
ഇത് കണക്കിലെടുത്ത് താൽക്കാലിക സംവിധാനം ഒരുക്കണമെന്ന് പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.സി. ചാക്കോ, സ്ഥിരം സമിതി അധ്യക്ഷൻ ജിജോ ആന്റണി എന്നിവർ ജല അഥോറിറ്റി ഉദ്യാഗസ്ഥരോട് ആവശ്യപ്പെട്ടു.