
കോതമംഗലം: കൊച്ചി – മൂന്നാർ ഹൈവേയുടെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം കാണുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. എല്ലാ ഭാഗത്തും റോഡിന് പത്ത് മീറ്റർ വീതി ഉറപ്പാക്കും. ഇതിനായി പുറമ്പോക്ക് ഏറ്റെടുക്കുന്നതിനും സ്വകാര്യ വ്യക്തികളുടെ സ്ഥലം വിട്ടു കിട്ടുന്നതിനുമുള്ള നടപടികളുണ്ടാകും. ഉദ്യോഗസ്ഥർക്കും പൊതുപ്രവർത്തകർക്കും ഒപ്പം നിർമ്മാണ പുരോഗതി വിലയിരുത്തിയശേഷമാണ് അദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. നേര്യമംഗലത്തെ പാലത്തിന്റെ നിർമ്മാണ പുരോഗതിയും സംഘം വിലയിരുത്തി. ഈ വർഷം ഒക്ടോബറോടെ നിർമ്മാണം പൂർത്തീകരിക്കുമെന്ന് എം.പി.പറഞ്ഞു. പ്രൊജക്ട് ഡയറക്ടർ പ്രദീപ്കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, മുൻ പ്രസിഡന്റ് സൈജന്റ് ചാക്കോ, ജൈമോൻ ജോസ്, പി.ആർ. രവി, എം.എസ്. റസാഖ്, പി.എം. റഷീദ്, ആർ. സേതു തുടങ്ങിയവർ സന്നിഹിതരായി.