
എറണാകുളം ജില്ലയിൽ ടൂറിസം മേഖലയിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ ആകർഷിക്കുന്നതും ടൂറിസ്റ്റുകൾ എത്തിച്ചേരുന്നതുമായ പ്രദേശമാണ് ചരിത്രപ്രസിദ്ധമായ ഭൂതത്താൻകെട്ട്. ഭൂതത്താൻകെട്ട് ടൂറിസം വികസനവുമായി ബന്ധപ്പെട്ട് വൻ അഴിമതിയാണ് എംഎൽഎയും ഇടതുപക്ഷ ഗവൺമെൻ്റും നടത്തിയിരിക്കുന്നത്. ഫലത്തിൽ ഭൂതത്താൻകെട്ടും അനുബന്ധ പ്രദേശങ്ങളും സ്വകാര്യ കമ്പനിക്ക് വിൽപ്പന നടത്തിയിരിക്കുകയാണ് സർക്കാർ.
ഭൂതത്താൻകെട്ടും അനുബന്ധ പ്രദേശങ്ങളായ കുട്ടമ്പുഴ -നേര്യമംഗലം തുടങ്ങിയ ഭാഗങ്ങളും കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എഫ് എസ് ഐ ടി റീഡിഫൈൻ ഡെസ്റ്റിനേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 25.412 കോടി രൂപയ്ക്ക് ടെണ്ടർ നൽകിയിരിക്കുന്നത്. കുട്ടികൾക്കുള്ള പാർക്ക് വിപുലീകരണം, ടോയ്ലറ്റ് കോംപ്ലക്സ് തുടങ്ങിയ ഏതാനും നിർമ്മാണ പ്രവർത്തനങ്ങൾ മാത്രം രണ്ടുവർഷംകൊണ്ട് പൂർത്തീകരിക്കണം. തുടർന്നുവരുന്ന 30 വർഷം ഈ പ്രദേശത്ത് എത്ര ഫീസ് വേണമെന്ന് തീരുമാനിച്ച് പിരിക്കാനുള്ള അവകാശം കമ്പനിക്ക് നൽകി . അതിൽ അഞ്ച് ശതമാനം (5% ) മാത്രമാണ് സർക്കാറിന് ലഭിക്കുക.
കോഴിക്കോട് നടത്തിയ അന്വേഷണത്തിൽ ബിനാമി കമ്പനിയാണെന്ന് മനസ്സിലാക്കാൻ കഴിയുന്നു. ടൂറിസം നിർമ്മാണ മേഖലയിൽ ഒരു മുൻ പരിചയവും കമ്പനിക്ക് ഇല്ല.ഒരുകോടി രൂപ ആണ് രേഖകളിൽ കമ്പനിയുടെ മൂലധനം കാണിച്ചിരിക്കുന്നത്.ഒരു വർഷം മുൻപാണ് കമ്പനി ആരംഭിച്ചിട്ടുള്ളത്.
ഒരു കടലാസ് കമ്പനി രൂപീകരിച്ച് കരാറിൽ ഏർപ്പെട്ടത് അഴിമതി നടത്തുവാൻ വേണ്ടിയുള്ളതാണെന്ന് വ്യക്തമാണ്. കോഴിക്കോടുള്ള കമ്പനി ആണെന്ന് തെളിഞ്ഞപ്പോൾ സിപിഎം സർക്കാരിൻ്റെ തട്ടിപ്പ് മറനീക്കി പുറത്തുവരികയാണ്. കവളങ്ങാട് സർവീസ് സഹകരണ ബാങ്കിൻ്റെ ആയുർവേദ റിസോർട്ട് കോൺട്രാക്ട് എടുത്തിട്ടുള്ളതും കോഴിക്കോട് ഉള്ള കമ്പനിയാണ്.ഈ കെട്ടിടം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ തന്നെ ഇടിഞ്ഞുവീണതിന്റെ അന്വേഷണം നടക്കുകയാണ്. ഭൂതത്താൻകെട്ടിലും അനുബന്ധപ്രദേശങ്ങളായ നേര്യമംഗലം, കുട്ടമ്പുഴ എന്നീ പ്രദേശങ്ങളിലും ടൂറിസം മേഖലയിൽ പ്രവർത്തിച്ചിരുന്ന പരിചയസമ്പന്നരായ പ്രാദേശിക ആളുകളെ ഒഴിവാക്കി അഴിമതി മാത്രം ലക്ഷ്യമാക്കിയാണ് എംഎൽഎയും സർക്കാരും മുന്നോട്ടുപോകുന്നത്. 2025 ഏപ്രിൽ വരെ പണം അടച്ചിട്ടുള്ളവരെ ബോട്ടിംഗ് നടത്തുന്നതിൽ നിന്നും കഴിഞ്ഞ അഞ്ചുമാസമായി വിലക്കിയിരിക്കുകയാണ് .
ഭൂതത്താൻകെട്ടിൽ സിപിഎം നടത്തിയ സമരം ഒരു പ്രഹസനമാണ് .സിപിഎം സമരം നടത്തേണ്ടിയിരുന്നത് പിണറായിയുടെയും എംഎൽഎയുടെയും വീട്ടുപടിക്കലാണ് .
ഭൂതത്താൻകെട്ട് ടൂറിസം മേഖലയിൽ സർക്കാർ നടത്തിയ ഈ അഴിമതി കരാർ ഉടനെ റദ്ദ് ചെയ്യണം. ടൂറിസം വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കി ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ (DTPC ) നേതൃത്വത്തിൽ നടപ്പിലാക്കണം.അല്ലാത്തപക്ഷം വൻ ജനകീയ പ്രക്ഷോഭത്തിന് കേരള കോൺഗ്രസ്സും ഐക്യ ജനാധിപത്യമുന്നണിയും നേതൃത്വം നൽകുമെന്ന് പറഞ്ഞു.
പത്രസമ്മേളനത്തിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഷിബു തെക്കുംപുറം , നിയോജകമണ്ഡലം പ്രസിഡൻ്റ് പൗലോസ് എ.റ്റി, സംസ്ഥാന സെക്രട്ടറിമാരായ ജോമി തെക്കേക്കര, സി കെ സത്യൻ എന്നിവർ പങ്കെടുത്തു.