
പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ മഴ മുന്നൊരുക്കങ്ങൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി മൂന്നാർ പഞ്ചായത്തിൽ ഇആർടി യുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു തുടങ്ങി. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടാകാൻ ഇടയുള്ള മേഖലകളിൽ കൂടുതൽ ശ്രദ്ധ നൽകും. അത്യാവശ്യ ഘട്ടങ്ങളിൽ ഇങ്ങനെയുള്ള സ്ഥലങ്ങളിൽനിന്ന് ആൾക്കാരെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

മൂന്നാർ ടൗണിൽത്തന്നെ ദുരിതാശ്വാസ ക്യാന്പ് നടത്താനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. ശനിയാഴ്ച മുതൽ ഞായറാഴ്ച പുലർച്ചെ വരെയുള്ള 24 മണിക്കുറിനിടെ 108 മില്ലീ മീറ്റർ മഴയാണ് മൂന്നാറിൽ ലഭിച്ചത്. നീരൊഴുക്ക് ശക്തമായതോടെ മുതിരപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മൂന്നാർ ടൗണിനു സമീപം ഈസ്റ്റ് എൻഡ് ജംഗ്ഷനിൽ മണ്ണിടിച്ചിൽ ഉണ്ടായി റോഡിലേക്കാണ് മണ്ണ് വീണതെങ്കിലും അപകട സമയത്ത് വാഹനങ്ങൾ ഇല്ലാതിരുന്നത് രക്ഷയായി.
