
കൊച്ചി • എംസി റോഡിൽ ഏറ്റവും തിരക്കനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ഒന്നാണ് കാലടി. ഇവിടുത്തെ പഴയ പാലത്തിലൂടെയുള്ള യാത്ര ക്ലേശം പരിഹരിക്കുന്നതിനാണ് അടിയന്തരമായി സമാന്തര പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്.
പെരിയാറിനു കുറുകെ നിലവിലുള്ള കാലടി ശ്രീശങ്കരാചാര്യ പാലത്തിന് സമാന്തരമായി 455.40 മീറ്റർ നീളത്തിലാണ് പുതിയ പാലത്തിന്റെ നിർമ്മാണം നടക്കുന്നത് . 30.50 മീറ്റർ നീളത്തിലുള്ള 12 സ്പാനുകളും 13.45 മീറ്റർ നീളത്തിലുള്ള രണ്ട് സ്പാനുകളും 12.50 മീറ്റർ നീളത്തിലുള്ള അഞ്ചു സ്പാനുകളുമാണുള്ളത്. 10.50 മീറ്റർ ക്യാരേജ് വെയും ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടെ 14 മീറ്റർ ആണ് പാലത്തിന്റെ വീതി.
നിലവിൽ അപ്രോച്ച് റോഡിനോട് ചേർന്നുള്ള പൈലിംഗ് വർക്കുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. മഴ കാരണം രണ്ട്, മൂന്നു ദിവസം പണി തടസ്സപ്പെട്ടിരുന്നു എങ്കിലും പെട്ടെന്ന് തന്നെ പുഴയിലെ ജലനിരപ്പ് താഴ്ന്നതിനനുസരിച്ച് പണികൾ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നുണ്ട്. അടുത്ത ഏപ്രിൽ മാസത്തോട് കൂടി പാലത്തിന്റെ നിർമ്മാണം പൂർണമായി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.