
കോതമംഗലം • ദേശീയപാത കടന്നുപോകുന്ന കോതമംഗലം മണ്ഡലത്തിലെ പല പ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. പ്രശ്നം പരിഹരിക്കാൻ ദേശീയപാത അധികൃതർ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. മണികണ്ഠൻ ചാൽ ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായി ആറു ദിവസം നടന്ന തിരച്ചിലിൽ പങ്കാളികളായ ഏവർക്കും ആന്റണി ജോൺ എം.എൽ.എ യോഗത്തിൽ പ്രത്യേക നന്ദി രേഖപ്പെടുത്തി.

കാലവർഷം മൂലമുണ്ടായ നാശനഷ്ടങ്ങളെ സംബന്ധിച്ച് യോഗം വിശദമായി ചർച്ച ചെയ്തു. വീടുകൾക്കും കൃഷിക്കും ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾക്ക് സമയബന്ധിതമായി തന്നെ നഷ്ടപരിഹാരം ലഭ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് യോഗം നിർദേശിച്ചു. കുട്ടമ്പുഴ-വെള്ളാരംകുത്ത്- മണികണ്ഠൻ ചാൽ കെ.എസ്.ആർ.ടി.സി സർവീസും കോതമംഗലം നെല്ലിമറ്റം – വാളാച്ചിറ – പൈങ്ങോട്ടൂർ കെ.എസ്.ആർ.ടി.സി സർവീസും മുടക്കം വരാതെ നടത്തുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണം.
കോതമംഗലം മണ്ഡലത്തിൽ വന്യമൃഗ ശല്യം തടയുന്നതിന് പ്രഖ്യാപിച്ചിട്ടുള്ള ഫെൻസിങ്, ഹാങ്ങിങ് ഫെൻസിങ്, ട്രഞ്ച് എന്നീ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഡി.എഫ്.ഒമാർ ശ്രദ്ധിക്കണം. കോതമംഗലം താലൂക്കിലെ വന മേഖലയോട് ചേർന്നുവരുന്ന പല പ്രദേശങ്ങളിലും വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവായി കണ്ടുവരുന്ന സാഹചര്യത്തിൽ വനം വകുപ്പിന്റെ കൃത്യമായ നിരീക്ഷണവും ജാഗ്രതയും ഉണ്ടാകണം.
രാസ- ലഹരി വ്യാപനം തടയുന്നതിനായി എക്സൈസ്- പോലീസ് വകുപ്പുകൾ സ്വീകരിച്ചു വരുന്ന നടപടികൾ കൂടുതൽ കർശനമായി മുന്നോട്ടു കൊണ്ടുപോകണം.
അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിന് വേണ്ട നടപടികൾ ബന്ധപ്പെട്ട വകുപ്പ് മേധാവികൾ കൈക്കൊള്ളേണ്ടതാണ്. കോതമംഗലം പട്ടണത്തിലും സമീപ പ്രദേശങ്ങളിലുമായി പ്രധാന റോഡുകളിലെ അനധികൃത വാഹന പാർക്കിങ്ങിന് എതിരെ ആവശ്യമായ നടപടി എടുക്കണം. സ്ഥിരമായി ട്രാഫിക് നിയമലംഘനം നടത്തുന്ന കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ്സുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം. താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ രാത്രി കാലങ്ങളിൽ തുടർച്ചയായി മോഷണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ പോലീസ് പട്രോളിംഗ് കൂടുതൽ കാര്യക്ഷമമാക്കണമെന്നും യോഗം നിർദേശിച്ചു.
കോതമംഗലം മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോതമംഗലം നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, തഹസിൽദാർ എം. അനിൽകുമാർ, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കാന്തി വെള്ളക്കയ്യൻ, കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ഗോപി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം എസ് എൽദോസ്, ആന്റണി പാലക്കുഴി, ബേബി പൗലോസ്, സാജൻ അമ്പാട്ട്, തോമസ് വട്ടപ്പാറ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.