
നേര്യമംഗലം ◙ മഴക്കാലമായാൽ പതിവായി നാം കാണുന്ന സംഭവമാണ് റോഡിലേക്ക് മരം മറിഞ്ഞുവീണു,ഗതാഗതം തടസ്സപ്പെട്ടു എന്നൊക്കെയുള്ള വാർത്തകൾ. ഇത്തരത്തിലുള്ള അപകടങ്ങൾ കാരണം ഒരുപാട് ജീവനുകൾ പൊലിഞ്ഞുപോയതിനും നമ്മൾ സാക്ഷികളാണ്. നമ്മുടെ നാടിൻറെ പ്രത്യേകത എന്താണെന്നുവെച്ചാൽ ഒരു ദുരന്തം നടന്നതിന് ശേഷമേ അധികാരികൾ നടപടി എടുക്കു എന്നുള്ളതാണ്. ഒരു ജീവനെങ്കിലും, അല്ലെങ്കിൽ ഒരു കുടുംബമെങ്കിലും അനാഥമായാൽ മാത്രമേ നടപടി ഉണ്ടാകൂ.


നമ്മുടെ നാട്ടിൽ കോടതി ഉത്തരവുകൾക്കുപോലും വിലയില്ലാത്തതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ അടുത്ത ദിവസങ്ങളിൽ നേര്യമംഗലം മുതൽ അടിമാലി വരെയുള്ള ദേശീയ പാതയോരത്ത് പലയിടങ്ങളിലായി വലിയ പാഴ് മരങ്ങൾ റോഡിലേക്ക് മറിഞ്ഞുവീണ് അപകടം സംഭവിക്കുന്നത്. മരങ്ങൾ വെട്ടിമാറ്റണമെന്ന് കോടതി ഉത്തരവ് ഉണ്ടായിട്ടും ഇപ്പോഴും പലയിടങ്ങളിലായി വന്മരങ്ങൾ ജീവനെടുക്കാനായി റോഡിനു ഇരുവശങ്ങളിലും കാത്തുനിൽക്കുന്നുണ്ട്. ഒരു മരം റോഡിലേക്ക് മറിഞ്ഞു വീണാൽ കെഎസ്ഇബി ക്കു ഉണ്ടാകുന്ന നഷ്ടങ്ങൾ വേറെ.


ഇതുപോലെ തലക്കോട് മുള്ളരിങ്ങാട് റോഡിൽ തലക്കോട് കവലയിൽ നിന്നും അംഗൻവാടി വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി നിരവധി വന്മരങ്ങളാണ് ചുവട്ടിൽ വേരുറപ്പിച്ചുനിക്കാൻ മണ്ണില്ലാതെ, ഏതു സമയത്തും റോഡിലേക്ക് കടപുഴകി വീഴാവുന്ന അവസ്ഥയിൽ നിൽക്കുന്നത്. അംഗൻവാടിയിലേക്കുള്ള കുട്ടികൾ ഉൾപ്പടെ നിരവധി സ്കൂൾ വാഹങ്ങളും നാട്ടുകാരും സഞ്ചരിക്കുന്ന വഴിയാണ് തലക്കോട് മുള്ളരിങ്ങാട് റോഡ്. വർഷങ്ങൾക്കുമുമ്പ് തനിയേ മുളച്ചുവന്ന പാഴ് മരങ്ങളാണ് ഇത്തരത്തിൽ യാത്രക്കാർക്ക് ഭീഷണിയായി നിലകൊള്ളുന്നത്. ഇങ്ങനെ നിൽക്കുന്ന മരങ്ങളിൽ ഏതെങ്കിലും ഒരെണ്ണം റോഡിലേക്ക് മറിഞ്ഞാൽ ഉണ്ടാകാൻ പോകുന്ന ദുരന്തം ചെറുതായിരിക്കില്ല. മഴയിൽ കുതിർന്ന മൺതിട്ടയിൽ വേരുകൾ പുറത്ത് കാണുന്ന വിധത്തിലാണ് ഇന്ന് ഇവിടെയുള്ള പല മരങ്ങളും.

നട്ടുകാർ പലതവണ വനംവകുപ്പ് അധികാരികൾക്ക് പരാതികൾ കൊടുത്തിട്ടുണ്ടെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മരങ്ങൾ മുറിച്ചു നീക്കുന്നതിനുള്ള ഫണ്ടും നിലവിൽ ഇല്ലെന്ന് അവർ അറിയിച്ചു.

ഒരു വലിയ ദുരന്തം സംഭവിക്കുന്നതിനുമുന്പ് ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേർന്ന് വേണ്ട നടപടികൾ സ്വീകരിച്ച് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ എത്രയും പെട്ടെന്ന് വെട്ടിമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
