
എറണാകുളം : ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. കാലവർഷം ശക്തി പ്രാപിക്കൽ, ദേശീയപാത നിർമ്മാണം, ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കൽ, കുടിവെള്ള പൈപ്പിടൽ, മെട്രോ നിർമ്മാണം തുടങ്ങിയവിവിധ കാരണങ്ങൾ കൊണ്ട് പ്രധാനപാതകളിൽ ഉൾപ്പെടെ പലയിടങ്ങളിലും റോഡ് തകർന്നിട്ടുണ്ട്. പ്രത്യേകിച്ച് മഴക്കാലമായതിനാൽ റോഡിലെ കുഴികൾ അപകടം ക്ഷണിച്ചു വരുത്തും. അതിനാൽ പരമാവധി വേഗത്തിൽ റോഡുകളിലെ അറ്റകുറ്റപ്പണി നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലയിൽ അപകടാവസ്ഥയിലുള്ള സ്കൂൾ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ളവ വേഗത്തിൽ പൊളിച്ചു നീക്കാൻ നടപടി ഉണ്ടാകണം. മഴക്കാലമായതിനാൽ ബലക്ഷയമുള്ള കെട്ടിടങ്ങൾ തകർന്നുവീഴാൻ സാധ്യത ഏറെയുണ്ട്. അതിനാൽ പരമാവധി വേഗത്തിൽ അപകട സാഹചര്യങ്ങൾ ഒഴിവാക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും യോഗത്തിൽ നിർദേശിച്ചു.
ഓരുവെള്ളത്തെ തുടർന്ന് നാശനഷ്ടം നേരിട്ടവര്‍ക്ക് പ്രഖ്യാപിച്ച അടിയന്തിര ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. പെരിയാറിൽ നടന്ന മത്സ്യ കുരുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ചേർന്ന യോഗത്തിൽ എടുത്ത ശുപാർശകളുടെ തൽസ്ഥിതി അവലോകനം ചെയ്തു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. വൈപ്പിൻ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നേരിടുന്ന കുടിവെള്ള പ്രശ്നത്തിന് അടിയന്തിരമായി ഫലം കാണണമെന്ന് എം.എൽ.എ പറഞ്ഞു. നായരമ്പലം, ഞാറക്കൽ, ഇടവനക്കാട്, പള്ളിപ്പുറം പഞ്ചായത്തുകളിൽ കടലാക്രമണത്തെ തുടർന്ന് ജിയോ ബാഗുകൾ തകരാറിലായ സാഹചര്യത്തിൽ അടിയന്തിരമായി ജിയോ ബാഗുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ അവലോകനം ചെയ്തു. ഇത് സംബന്ധിച്ച് പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കുന്നതിനായി ജില്ലാ കളക്ടർക്ക് ചുമതല നൽകി. എറണാകുളം സോഷ്യല്‍ ഫോറസ്ട്രി തയ്യാറാക്കി വരുന്ന ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി രണ്ട് വര്‍ഷക്കാലമായി പുതുവൈപ്പ്, വളപ്പ് ബീച്ചുകളിലായി പ്രൊപ്പോസല്‍ നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ യോഗം ചർച്ച ചെയ്തു.

ഇടപ്പള്ളി – പാലാരിവട്ടം ഭാഗത്ത് സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തന രഹിതമാണെന്നും ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തരമായി നടപടിയെടുക്കണമെന്നും ഉമാ തോമസ് എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. വെളിച്ചമില്ലാത്തതിനാൽ രാത്രിയിൽ ഇതുവഴിയുള്ള വാഹന യാത്ര ക്ലേശകരമാണ് . മാത്രമല്ല റോഡിന്റെ വശങ്ങളിൽ വിവിധ വർണ്ണങ്ങളിലുള്ള പ്രകാശം പരത്തുന്ന പരസ്യ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തിന്റെ അഭാവത്തിൽ ഇതും രാത്രി യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇത്തരം പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിന് കളർകോഡ് നിശ്ചയിക്കുന്നത് പരിഗണിക്കണം.
സിറ്റി ഗ്യാസ് പദ്ധതിയുടെ ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വെട്ടി പൊളിക്കുന്ന റോഡുകൾ നവീകരിക്കുമ്പോൾ നിലവാരം ഉറപ്പുവരുത്തണം. തൃക്കാക്കര മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടതാണ്. കുടിവെള്ള പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മണ്ഡലത്തിലെ കുളങ്ങളും മറ്റ് ജലസ്രോതസ്സുകളും നവീകരിക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച പദ്ധതി നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും ആസ്തി രേഖകൾ ലഭ്യമാക്കേണ്ടതുണ്ട്. നിലവിൽ ആസ്തിരേഖ ലഭ്യമാകാത്തതിനാൽ പദ്ധതിയുടെ ഭരണാനുമതി വൈകുകയാണ്. ഇതിന് എത്രയും വേഗം പരിഹാരം കാണണം. മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉന്നത തലയോഗം ചേരണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
കോലഞ്ചേരിയിൽ നിന്നും നെല്ലാട് വഴി പെരുമ്പാവൂർക്ക് പോകുന്ന മാർത്ത എന്ന ബസ് അമിത ചാർജ്ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പി.വി ശ്രീനിജിൻ എം.എൽ.എ ആവശ്യപ്പെട്ടു. ബസ് തൊഴിലാളികൾ രേഖാമൂലം തെറ്റ് സമ്മതിച്ച സാഹചര്യത്തിൽ ശക്തമായ നടപടി എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
തകർന്ന് സഞ്ചാര്യയോഗ്യമല്ലാതായ ചിത്രപ്പുഴ – പോഞ്ഞാശ്ശേരി റോഡിൻ്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണം. കാക്കനാട് – പള്ളിക്കര റോഡിൽ അത്താണി ഭാഗത്തെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമുണ്ടാക്കണം. പുത്തൻകുരിശ് മുത്തൂറ്റ് എഞ്ചിനീയറിംഗ് കോളേജിന് സമീപം ദേശീയപാതയോരത്തുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലത്തിലെ അപകടകരമായ ഇലക്ട്രിക് പോസ്റ്റുകളും കേബിളുകളും എത്രയും വേഗം നീക്കാൻ നടപടിയെടുക്കണമെന്ന് ടി.ജെ വിനോദ് എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. അപകടകരമായ മരങ്ങൾ മുറിച്ചു നീക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ സമയബന്ധിതമായി അനുമതി നൽകണം. തദ്ദേശ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് പലവിധ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി രാഷ്ട്രീയപാർട്ടികളുടെ യോഗം അതാത് തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ ചേരണമെന്നും തുടർന്ന് അതാത് സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ വഴി റിപ്പോർട്ട് സമർപ്പിക്കാൻ സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. കണയന്നൂർ താലൂക്കിലെ എളമക്കര ഭാഗത്തെ റെയിൽവേ ബി ക്ലാസ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ നടപടി വേണം. ഈ പ്രദേശത്തെ മുന്നൂറിൽപരം കുടുംബങ്ങൾ തങ്ങളുടെ ഭൂമിക്ക് നികുതി അടയ്ക്കാൻ കഴിയാത്തതിനാൽ വളരെ ബുദ്ധിമുട്ടിലാണ്. പ്രായോഗികമായി ഈ പ്രശ്നം പരിഹരിക്കണം. കണയന്നൂർ താലൂക്കിൽ പോക്കുവരവ് നടപടിക്രമങ്ങളിൽ കാലതാമസം നേരിടുന്നുണ്ട്. സമർപ്പിക്കുന്ന അപേക്ഷകളിൽ സമയബന്ധിതമായി നടപടി ഉണ്ടാകണം. തേവര, എളമക്കര തുടങ്ങിയ റൂട്ടുകളിൽ ബസ്സുകൾ കൃത്യമായി സർവീസ് നടത്തുന്നില്ല എന്ന പരാതിയുണ്ട്. ഇത് പരിഹരിക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടികൾ സ്വീകരിക്കണം. ചിറ്റൂർ ക്ഷേത്രത്തിനു മുമ്പിലെ ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നും ഇത് പരിഹരിക്കാൻ വൺവേ സംവിധാനം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാലവർഷം മൂലവും മറ്റു കാരണങ്ങൾ കൊണ്ടും സ്കൂളുകൾക്കു മുമ്പിലെ സീബ്രാലൈനുകൾ പലതും മാഞ്ഞു പോയിട്ടുണ്ട്. ഇവ പുനസ്ഥാപിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ ടി. ജ്യോതിമോൾ, മലയാറ്റൂർ ഡി.എഫ്.ഒ പി. കാർത്തിക്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.