
കോതമംഗലം: മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിൽ 2025-26 അധ്യയന വർഷത്തിലെ ഹെഡ് ബോയ്, ഹെഡ് ഗേൾ , ആർട്സ് ക്യാപ്റ്റൻ, സ്പോർട്സ് ക്യാപ്റ്റൻ, വിവിധ ഹൗസ് ലീഡേഴ്സ് സ്ഥാനങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ സ്ഥാനരോഹണച്ചടങ്ങ് കെ എം ജിജിമോൻ (റിട്ട.ഐ പി എസ് ) മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം ചെയ്തു.
നാളയെ സ്വപ്നം കണ്ട് വളരുന്ന കുട്ടികളെ പഠനത്തോടൊപ്പം ജീവിക്കാനും പഠിപ്പിക്കുക എന്നതാണ് അധ്യാപകരുടെയും മാതാപിതാക്കളുടെയും പ്രഥമ ചുമതല. ഇതിനായി പരാജയത്തെ ഉൾക്കൊള്ളാൻ ആദ്യം പഠിക്കേണ്ടത് മാതാപിതാക്കളാണ്. നേതൃപാടവത്തോടൊപ്പം പിന്നാക്കം നിൽക്കുന്ന കൂട്ടുകാരെ മുന്നോട്ട് കൊണ്ടുവരേണ്ടതും അവരിൽ സാന്മാർഗിക മൂല്യങ്ങളും സഹാനുഭൂതിയും കരുണയും വളർത്തിയെടുക്കേണ്ടതും ലീഡറുമാരുടെ ചുമതലയാണ്. മെച്ചപ്പെട്ട പഠനാന്തരീക്ഷം പരമാവധി പ്രയോജനപ്പെടുത്തുക, സമൂഹത്തിന് പ്രയോജനം ചെയ്യുന്നവരായി വളരുക, കലാ – കായിക രംഗത്ത് ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുക എന്നിവയാണ് കുട്ടികളുടെ ചുമതലകളെന്ന് അദ്ദേഹം തൻ്റെ മുഖ്യപ്രഭാഷണത്തിൽ ഏവരെയും ഓർമ്മപ്പെടുത്തി.
ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ അനിത നായർ കെ അധ്യക്ഷപദം അലങ്കരിച്ചു. ഹെഡ് ബോയ് ആയി സ്ഥാനമേറ്റ അലക്സിയോ നെടുങ്ങോട്ടിൽ ചാക്കുട്ടി സ്വാഗതവും ഹെഡ് ഗേൾ നിയ ജെയിംസ് നന്ദിയും രേഖപ്പെടുത്തി.