
പൊതുമാർക്കറ്റിൽ കിലോക്ക് 80 രൂപവരെ എത്തിയ തേങ്ങയുടെ വില കഴിഞ്ഞ ഒരാഴ്ചയായി പതുക്കെ ഇടിയുകയാണ്. കിലോക്ക് 57 രൂപയാണ് ജില്ലയിലെ പൊതുമാർക്കറ്റുകളിൽ ശനിയാഴ്ചത്തെ ചില്ലറ വിൽപ്പന വില. കഴിഞ്ഞദിവസം 62 രൂപയുണ്ടായിരുന്നതാണ് മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും 57-ൽ എത്തിയത്. അഞ്ച് രൂപയുടെ കുറവാണ് ഒറ്റ ദിവസത്തിനിടെ ഉണ്ടായത്.
കൊപ്രയുടെ വിലയും കിലോയ്ക്ക് അഞ്ച് മുതൽ ആറ് രൂപ വരെ ശനിയാഴ്ച കുറഞ്ഞിട്ടുണ്ട്. വരുംദിവസങ്ങളിലും തേങ്ങയുടെ വിലയിടിവ് തുടരുമെന്നാണ് വ്യാപാരികളിൽനിന്ന് ലഭിക്കുന്ന സൂചന. തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉത്പാദനം കൂടിയതും വെളിച്ചെണ്ണ വില കൂടിയതോടെ ആളുകൾ ഭക്ഷ്യാവശ്യങ്ങൾക്ക് പാംഓയിൽ ഉപയോഗിക്കാൻ തുടങ്ങിയതുമാണ് പ്രധാനമായും വില കുറയാൻ കാരണമായി പറയുന്നത്. ഓണക്കാലമാകുമ്പോഴേക്കും തേങ്ങവില 50-ൽ എത്തുമെന്നും വ്യാപാരികൾ പറയുന്നു.
വർഷങ്ങളായി വിലക്കുറവിൽ തളർന്ന പച്ചത്തേങ്ങയ്ക്ക് കഴിഞ്ഞ സെപ്റ്റംബറോടെയാണ് ഒരു കിലോക്ക് സർക്കാർ നിശ്ചയിച്ചിരുന്ന 34 രൂപയും കടന്ന് വില ഉയരാൻ തുടങ്ങിയത്. ഒക്ടോബർ പകുതിയോടെ ഘട്ടംഘട്ടമായി അത് 50 രൂപയിലെത്തി. പിന്നീട് വിലയിൽ വലിയ കുതിച്ചുചാട്ടമാണുണ്ടായത്. ഒരു ഘട്ടത്തിൽ കിലോക്ക് നൂറ് കടക്കുമെന്ന നിലയിൽ നിന്നാണ് ഇപ്പോൾ തേങ്ങയുടെ വില കുറയാൻ തുടങ്ങിയിരിക്കുന്നത്.