
കൊച്ചി : കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. പെണ്‍കുട്ടി ജീവനൊടുക്കുന്നതില്‍ ഇവര്‍ക്കും പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. റമീസ് മാനസികമായി സമ്മര്‍ദം ചെലുത്തിയത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിച്ചേരാന്‍ കാരണമായെന്നും പൊലീസ് പറയുന്നു.
പെണ്‍കുട്ടിയുടെ സഹോദരന്റെയും, അമ്മയുടെയും, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെയും വിശദമായ മൊഴി അന്വേഷണസംഘം കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടി റമീസിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്യും. റിമാന്‍ഡിലുള്ള റമീസിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ആലുവയിലെ വീട്ടിലെത്തിച്ചും തെളിവെടുക്കും.
റമീസിന്റെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍, വാട്‌സ് ആപ്പ് ചാറ്റുകള്‍ എന്നിവ പ്രത്യേക അന്വേഷണസംഘം പരിശോധിച്ചു. മുവാറ്റുപുഴ ഡിവൈഎസ്പി പിഎം ബൈജു, കോതമംഗലം ഇന്‍സ്‌പെക്ടര്‍ പിടി ബിജോയ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് കേസ് അന്വേഷണിക്കുന്നത്.
സംഭവം എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും അയച്ച പരാതിയില്‍ ആവശ്യപ്പെട്ടു. മകളുടേത് നിര്‍ബന്ധിത മതപരിവര്‍ത്തനം ശ്രമത്തെ തുടര്‍ന്നുണ്ടായ ആത്മഹത്യയാണെന്നാണ് അമ്മ ആരോപിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് വിദ്യാര്‍ഥിനിയെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.