
കൊച്ചി : രാജ്യാന്തര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി ആരോപിച്ചുള്ള യുഎപിഎ കേസില്‍ തൊടുപുഴ സ്വദേശി സുബഹാനി ഹാജയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി പത്തുവര്‍ഷം ഇളവ് ചെയ്തു. എന്‍ഐഎ സ്പെഷ്യല്‍ കോടതിയുടെ 2020 സെപ്റ്റംബര്‍ 25ലെ ശിക്ഷാ ഉത്തരവിനെതിരെ പ്രതി നല്കിയ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് വി രാജ വിജയരാഘവന്, ജസ്റ്റിസ് കെവി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെതാണ് ഉത്തരവ്.
ഹര്ജിക്കാരന് 2015ല്‍ തുര്‍ക്കി വഴി ഇറാഖിലെത്തി ഐഎസില്‍ ചേര്‍ന്നു പരിശീലനം നേടിയെന്നും പരിക്കേറ്റതിനാല്‍ യുദ്ധമുഖത്തനിന്നും പോരാടാന്‍ കഴിയാതെ വന്നതിനാല്‍ നാട്ടിലേക്ക് മടങ്ങണമെന്നും നിരന്തരം ആവശ്യപ്പെട്ടപ്പോള്‍ ഇറാഖിലെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയതാണെന്നും പ്രോസിക്യൂഷന് ആരോപിച്ചു.
2015 സെപ്റ്റംബറില്‍ ഇന്ത്യയില്‍ മടങ്ങിയെത്തി തമിഴ്നാട്ടില്‍ സെയില്‍സ്മാനായി ജോലി ചെയ്യവെ 2016 ഒക്ടോബര്‍ അഞ്ചിനാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ടൂറിസ്റ്റ് വിസയിലാണ് തുര്‍ക്കിയിലെത്തിയതെന്നും ഐഎസ് ബന്ധമാരോപിച്ചുള്ള കേസ് എന്‍ഐഎ കെട്ടിച്ചമച്ചതാണെന്നും പ്രതി അപ്പീലില്‍ വാദിച്ചു. എന്നാല്‍ കുറ്റകൃത്യം സംശയാസ്പദമായി തെളിയിക്കാന്‍ കഴിയുന്നുണ്ടെന്നും കോടതി വിലയിരുത്തി. ജി മെയില്‍, ഫെയ്സ്ബുക്ക് അക്കൗണ്ടുകളുടെ ഉടമസ്ഥത, 2015ലെ തുര്‍ക്കി സന്ദര്‍ശനം, ഇറാഖിലേക്ക് കടന്നത്, ഐഎസിനുവേണ്ടിയുള്ള ആയുധ പരിശീലനം, പോരാട്ടം ഒക്കെ തെളിയിക്കാനാകുന്നുണ്ട്.
എന്‍ഐഎ കോടതിയുടെ നിഗമനത്തില്‍ തെറ്റില്ല. ചെയ്ത കുറ്റം ഗൗരവമേറിയതാണെങ്കിലും 35ാം വയസ്സില്‍ ചെയ്തതാണെന്ന കാര്യം കോടതി പരിഗണിച്ചു. തിരിച്ചെത്തിയ ശേഷം കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടില്ല. പ്രതിയുടെ മാനസാന്തരത്തിനും പരിവര്‍ത്തനത്തിനുമുള്ള സാധ്യത കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കുകയാണെന്ന് കോടതി വ്യക്തമാക്കി.