
കൊച്ചി • കർഷകരുടെ ഉത്പന്നങ്ങൾ സംഭരിച്ച് ശീതീകരിച്ച വാഹനം വഴി വീടുകളിലേക്ക് നേരിട്ട് എത്തിക്കുന്ന ഫാം ടു കിച്ചൻ പദ്ധതി ആഗസ്റ്റ് 25 ന് ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.
കളമശ്ശേരി മണ്ഡലത്തിലെ സമഗ്ര കാർഷിക വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ ഭാഗമായി മുപ്പത്തടം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ റസിഡൻസ് അസോസിയേഷനുകളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാം ടു കിച്ചൻ പദ്ധതിയിലൂടെ റസിഡന്റ്സ് അസോസിയേഷനുകൾക്കും അതിന്റെ പ്രയോജനം ലഭ്യമാകും .കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ ഭാഗമായി കൃഷി സാർവത്രികമാക്കുന്നതിൽ റസിഡന്റ്സ് അസോസിയേഷനുകൾ മുഖ്യപങ്കാണ് വഹിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു .
കുടുംബകൃഷിയുടെ ആവശ്യകതയും പ്രകൃതി സൗഹൃദ കാർഷിക വൃത്തിയുടെ മഹത്വവും എന്ന വിഷയത്തിൽ ഡോ. ജോഷി, എം എസ് നാസർ, നൈയ്മാ നൗഷാദ് അലി തുടങ്ങിയവർ അവബോധ പരിപാടികൾക്ക് നേതൃത്വം നൽകി.
ചർച്ചകൾക്ക് ശേഷം മണ്ഡലതല റസിഡന്റ്സ് അസോസിയേഷൻ സബ് കമ്മിറ്റിക്ക് രൂപം നൽകി. കൺവീനറായി രാജേഷ് മഠത്തിലിനെ തിരഞ്ഞെടുത്തു.
സംഘാടകസമിതി ജനറൽ കൺവീനർ എം പി വിജയൻ ചർച്ച ക്രോഡീകരണം നടത്തി.
ചടങ്ങിൽ മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി എം ശശി അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗം രാജേഷ് മഠത്തിൽ ,ജില്ലാ റസിഡൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി സി അജിത് കുമാർ ,ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളായ പി എ അബൂബക്കർ, വി കെ ശിവൻ, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ ടി കെ ഷാജഹാൻ ,എം കെ ജയചന്ദ്രൻ, ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ ടി എൻ നിഷിൽ,റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളായ എം പി ഉദയൻ, എം എസ് രാജീവ് തുടങ്ങിയവർ പങ്കെടുത്തു.