ഇടുക്കി • മൂന്നാറിൽ വിനോദ സഞ്ചാരികൾക്കായി സൈറ്റ് സീൻ സർവ്വീസ് നടത്തുന്ന കെ എസ് ആർ ടി സി ഡബിൾ ഡക്കർ ബസാണ് ഇന്ന് വൈകുന്നേരത്തോടെ അപകടത്തിൽപ്പെട്ടത്. ദേശിയപാതയിൽ ദേവികുളം ഇരച്ചിൽപാറക്ക് സമീപം വച്ചാണ് അപകടം സംഭവിച്ചത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ പാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിടിച്ചു. പിന്നീട് റോഡരികിലെ മൺതിട്ടയിൽ ഇടിച്ച് വാഹനം നിന്നു.

എതിർ ദിശയിൽ നിന്നും വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കവെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തിൽപ്പെട്ടുകയായിരുന്നുവെന്ന് ഡ്രൈവർ പറയുന്നു. സൈറ്റ് സീൻ കഴിഞ്ഞ് തിരികെ മൂന്നാറിലേക്ക് മടങ്ങവെയാണ് അപകടം ഉണ്ടായത്.

അപകട സമയത്ത് വാഹനത്തിൽ താഴെയും മുകളിലുമുള്ള ഡക്കറുകളിലായി 40ൽ അധികം യാത്രക്കാരുണ്ടായിരുന്നു. ആർക്കും പരിക്കുകൾ സംഭവിച്ചിട്ടില്ല. അപകടത്തെതുടർന്ന് ബസിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.




