February 7, 2026
Untitled-2.jpg

അടിമാലി: കോതമംഗലം യൽദോമോർ ബസേലിയോസ് ബാവായുടെ കബറിങ്കലേക്കുള്ള ഹൈറേഞ്ച് മേഖലയിൽ നിന്നുള്ള കാൽനട തീർത്ഥയാത്രക്ക് അടിമാലിയിൽ ഭക്തിസാന്ദ്രമായ സ്വീകരണമൊരുക്കി. കോതമംഗലം യൽദോമോർ ബസേലിയോസ് ബാവായുടെ കബറിങ്കലേക്ക് ഇത്തവണ ഹൈറേഞ്ച് മേഖലയിൽ നിന്നും നാൽപ്പത്തിരണ്ടാമത്തെ കാൽനട തീർത്ഥയാത്രയാണ് നടക്കുന്നത്.

Sponsored

കഴിഞ്ഞ മാസം 30ന് കോവിൽക്കടവ് സെന്റ് ജോർജ്ജ് പള്ളിയിൽ നിന്നും നെടുങ്കണ്ടം സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ നിന്നും കാൽനട തീർത്ഥയാത്രക്ക് തുടക്കം കുറിച്ചിരുന്നു. ഈ മാസം ഒന്നിന് ശാന്തമ്പാറ, തൊട്ടിക്കാനം, മുരിക്കുംതൊട്ടി, മാങ്ങാത്തൊട്ടി, രാജകുമാരി, രാജാക്കാട്, പണിക്കൻകുടി, തോപ്രാംകുടി, വെള്ളത്തൂവൽ, മാങ്കുളം, ബൈസൺവാലി മേഖലകളിലെ വിവിധ ദേവാലയങ്ങളിൽ നിന്നും തീർത്ഥയാത്രകൾ പുറപ്പെട്ടു. ഹൈറേഞ്ചിന്റെ വിവിധ മേഖലകളിൽ നിന്നും പുറപ്പെട്ട തീർത്ഥയാത്രകളാണ് അടിമാലിയിൽ സംഗമിച്ചത്.കാൽനട തീർത്ഥയാത്രക്ക് അടിമാലിയിൽ ഭക്തിസാന്ദ്രമായ സ്വീകരണമൊരുക്കി.

വിശ്രമത്തിന് ശേഷം ഇന്ന് പുലർച്ചെ അടിമാലി സെന്റ് ജോർജ്ജ് കത്തീഡ്രൽ പള്ളിയിൽ നിന്നും തീർത്ഥയാത്ര കോതമംഗലത്തെ ബാവായുടെ കബറിങ്കലേക്ക് പുറപ്പെട്ടു. അടിമാലിക്ക് പുറമെ വിവിധ മേഖലകളിൽ നിന്നും പുറപ്പെടുന്ന തീർത്ഥയാത്രകൾ കുത്തുകുഴി മാരമംഗലം സെൻ്റ് ജോർജ്ജ് പള്ളിയുടെ മോർ ബസേലിയോസ് കുരിശുംതൊട്ടിയിൽ ധൂപപ്രാർത്ഥനയിൽ പങ്ക് ചേരും. തുടർന്ന് ഹൈറേഞ്ചിൽ നിന്നുള്ള നാൽപ്പത്തിരണ്ടാമത് തീർത്ഥയാത്രയുടെ സ്‌മരണാർത്ഥം 42 പതാകകൾ വഹിച്ചുകൊണ്ടുള്ള പതാക പ്രയാണം നടക്കും.

Sponsored

യാത്രക്ക് കോഴിപ്പിള്ളി കവലയിൽ സ്വീകരണം നൽകും. വൈകിട്ടഞ്ചോടെ തീർത്ഥയാത്ര കബറിങ്കലെത്തി പ്രാർത്ഥിച്ച് വഴിപാടർപ്പിച്ച് പിരിയും. അടിമാലിയിൽ കാൽനടതീർത്ഥയാത്രയുടെ സ്വീകരണശേഷം പാലക്കാടൻ പി വി വറുഗീസ് വൈദ്യൻ മെമ്മോറിയൽ ക്യാഷ് അവാർഡ് വിതരണവും നടന്നു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ അവാർഡ് വിതരണം നിർവ്വഹിച്ചു. വിവിധ പുരോഹിതർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!