■ഏബിൾ സി അലക്സ്
കോതമംഗലം: വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ
റിസേർച്ച്, ഇന്നോവേഷൻ, ഡിസൈൻ ആൻഡ് എന്റർപ്രെനെർഷിപ് ക്ലബിന്റെ ( RIDE) ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.

സ്റ്റാർട്ട് അപ്പ് വാലി സി ഇ ഒ യും, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജ് അധ്യാപകനുമായ ഡോ. ഷെറിൻ സാം ജോസ് ശില്പശാല നയിച്ചു. വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തിയെടുക്കുന്നതിനേക്കുറിച്ചും, വിദ്യാർത്ഥികളുടെ പുതിയ ആശയങ്ങളെ സ്റ്റാർട്ടപ്പുകൾ ആക്കി മാറ്റുന്നതിൻ്റെ വിവിധ വശങ്ങളെക്കുറിച്ചും ഡോ.ഷെറിൻ ക്ലാസ് എടുത്തു. ചെറുകിട സംരംഭങ്ങൾ തുടങ്ങി വിജയിച്ചവരെ കോളജുകളിൽ കൊണ്ടുവന്നു വിദ്യാർത്ഥികളുമായി സംവാദങ്ങൾ സംഘടിപ്പിക്കുന്നത് ഗുണകരമെന്ന് അദ്ദേഹം പറഞ്ഞു.വിദ്യാർത്ഥികളുടെ മനസ്സില്‍ മികച്ച ആശയവും, സംരംഭകനാകാന്‍ താത്പര്യവുമുണ്ടെങ്കിൽ ഇനി മടിക്കേണ്ട. ഏറെ സഹായങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. രാജ്യത്ത് അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ സംരംഭകരാകുന്ന പ്രവണത വര്‍ധിച്ചു വരുന്നതായും,നിരവധി സ്റ്റാര്‍ട്ടപ്പുകളാണ് ക്യാമ്പസുകളില്‍ നിന്ന് രൂപപ്പെട്ടുവരുന്നതെന്നും ദേശീയ, സംസ്ഥാന തലങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി പദ്ധതികളുണ്ടന്നും ഡോ. ഷെറിൻ കൂട്ടിച്ചേർത്തു.

കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു.വിദ്യാർത്ഥികളിൽ സംരംഭകത്വവും നൂതനാശയ തൽപരതയും പ്രോൽസാഹിപ്പിക്കുന്നതിനാണ് ഇത്തരത്തിൽ ശില്പ ശാലകൾ സംഘടിപ്പി ക്കുന്നതെന്നും, കാലത്തിനനുസരിച്ചു പുതിയ ആശയങ്ങൾ വിദ്യാർത്ഥികൾ കൊണ്ടുവരണമെന്നും, അങ്ങനെയുള്ള വിദ്യാർത്ഥികളുടെ കഴിവുകളെ ക്ലാസ്സിലെ അധ്യാപകർ കണ്ടെത്തി അവരെ സംരംഭം തുടങ്ങുന്നതിനുവേണ്ടി പ്രോത്സാഹിപ്പിക്കണമെന്നും പ്രിൻസിപ്പൽ പറഞ്ഞു.
റൈഡ് കോർഡിനേറ്റർമാരായ ഡോ. നിധി പി രമേശ്, ഡോ.മീഗിൾ എസ് മാത്യു എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. കോളേജിലെ കോമേഴ്‌സ് വിദ്യാർത്ഥിയും യുവ സംരംഭകനും, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവുമായ ആദിശങ്കർ എഴുതിയ “ദി 1% വേ” എന്ന പുസ്തകം പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, ഡോ.ഷെറിൻ സാം ജോസിന് കൈമാറി.

