
കൊച്ചി: പോലീസ് പരിശോധനകള്‍ക്കിടയിലും റോഡ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നഗരത്തില്‍ സ്വകാര്യ ബസുകള്‍ ചീറിപ്പായുന്നു. കഴിഞ്ഞിടെ വിദ്യാഭ്യാസ സ്ഥാപനത്തിനു മുന്നില്‍ അപകടമുണ്ടായിട്ടും ബസുകളുടെ വേഗത്തിന് ഇനിയും നിയന്ത്രണം വന്നിട്ടില്ല. തിരക്കുള്ള സമയങ്ങളിലടക്കം അമിത വേഗതയിലാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്.
യാത്രക്കാര്‍ ബസ് ജീവനക്കാരോട് നേരിട്ട് പരാതി പറഞ്ഞിട്ടും വേഗത കുറയ്ക്കാനോ നിയമലംഘനങ്ങള്‍ അവസാനിപ്പിക്കാനോ പല ബസുകളും തയാറായിട്ടില്ല. ഇതിനിടെ പോലീസ് അലക്ഷ്യമായി വാഹനം ഓടിക്കുന്ന ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടും മദ്യപിച്ചും അപകടകരമായ രീതിയിലും വാഹനം ഓടിക്കുന്നവര്‍ നിരവധിയാണ്.

ട്രാഫിക് സിഗ്നലുകളില്‍ വാഹനം കുത്തിക്കയറ്റുക, ബസിന്റെ ഡോറില്‍ അടിച്ചും, നിർത്താതെ ഹോണ്‍ മുഴക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍ എന്നിവയും ജീവനക്കാരുടെ ഭാഗത്തു നിന്ന് സ്ഥിരം കാഴ്ചയാണ്. മത്സരയോട്ടം നടത്തുന്നതിനിടെ പലപ്പോഴും ബസ്സ്റ്റോപ്പില്‍ നിന്നു മാറിയാണ് നിർത്തുന്നതും. കാല് വാതില്‍പ്പടിയിലേക്ക് എടുത്തു വയ്ക്കുമ്പോഴേക്കും വാഹനം എടുക്കുന്നതും പതിവാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്ക് ഇതു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ലഹരി വസ്തുക്കള്‍ ഉപയോഗിച്ച ശേഷം ഡ്രൈവിംഗ് നടത്തുന്നുണ്ടെന്ന പരാതിയും വ്യാപകമാണ്. നിയമലംഘനങ്ങള്‍ പെരുകുന്നതിനിടെ പേരിനു മാത്രം ആഴ്ചയിലൊരിക്കല്‍ നടത്തുന്ന പരിശോധനകള്‍ക്ക് പുറമേ പോലീസും മോട്ടോര്‍ വാഹനവകുപ്പും ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വാതില്‍ അടയ്ക്കില്ല
പല ബസുകളും
സ്വകാര്യ ബസുകളില്‍ ഡ്രൈവര്‍ക്ക് ഓപ്പറേറ്റ് ചെയ്യാന്‍ കഴിയുംവിധം എയര്‍ഡോര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടും നഗരത്തില്‍ ഒടുന്ന ചുരുക്കം ചില ബസുകളാണ് ഇത്തരത്തില്‍ വാതില്‍ അടച്ച് സര്‍വീസ് നടത്തുന്നത്. മത്സരയോട്ടത്തിലും യാത്രക്കാരുമായി തിങ്ങിനിറഞ്ഞു പോകുമ്പോഴും വാതില്‍ അടയ്ക്കാന്‍ പല സ്വകാര്യ ബസുകള്‍ക്കും ഇപ്പോഴും മടിയാണ്.
യാത്രക്കാര്‍ക്ക് തുറക്കാനാകും വധമുള്ള പഴയ ഡോര്‍ ഘടിപ്പിച്ച ബസുകളുമുണ്ട് സര്‍വീസ് നടത്തുന്നവയില്‍. ഇവ ഒഴിവാക്കിയിട്ടും ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പും തയാറാകുന്നില്ല. എയര്ഡേര് ഘടിപ്പിച്ച ബസുകളില്‍ ചിലതില്‍ ഇവ വേണ്ടവിധം പ്രവര്‍ത്തിക്കുന്നുമില്ല. എയര്ഡോറുകള് അടയ്ക്കുന്ന വാഹനങ്ങളിലാകട്ടെ ചിലത് മത്സരയോട്ടങ്ങള്ക്കിടെ തിരക്കിട്ട് വാതില്‍ അടയ്ക്കുമ്പോള്‍ യാത്രക്കാര്‍ ഫുട്ട്ബോര്‍ഡില്‍ കുടുങ്ങുന്നതും, സമയത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെ യാത്രക്കാര്‍ ഫുട്ട്ബോര്ഡിലേക്ക് കയറുമ്പോള്‍ തന്നേ ഡബിള്‍ ബെല്ലടിച്ച് വാഹനം മുന്നോട്ടെടുക്കുന്നതും സ്ഥിരം കാഴ്ചയാണ്.