
പോത്താനിക്കാട്: പൈങ്ങോട്ടൂർ കാവുംപാറ പിട്ടാപ്പിള്ളിക്കവല റോഡിലെ ദുർബലമായ അണയും (ചെക്ഡാം) പാർശ്വഭിത്തിയും ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിൽ.
ആറു പതിറ്റാണ്ടുകൾക്കു മുന്പ് പൈങ്ങോട്ടൂർ തോടിനു കുറുകെ നിർമിച്ച ചെക്ക് ഡാമാണിത്. വേനൽക്കാലത്ത് വെള്ളം കെട്ടിനിർത്തുന്നതിനും, ഉപരിതലത്തിലൂടെ എല്ലാ സമയവും കാൽനടയാത്ര ചെയ്യുന്നതിനുള്ള നടപ്പാലവുമായിരുന്നു അന്നു നിർമിച്ചത്.

40 വർഷം മുന്പ് നടപ്പാലം വീതി കൂട്ടി വലിയ വാഹനങ്ങൾക്കു കൂടി ഗതാഗതം നടത്തുന്നതിനുള്ള സൗകര്യമൊരുക്കി. അന്ന് തട്ടിക്കൂട്ടിയുണ്ടാക്കിയ പാലവും പാർശ്വഭിത്തികളും കാലപ്പഴക്കം കൊണ്ട് അതീവ ദുർബലമായി മാറി.
ചെറുതും വലുതുമായ നൂറുകണക്കിനു വാഹനങ്ങളും അതിലേറെ കാൽനടയാത്രക്കാരും ദിവസേന സഞ്ചരിക്കുന്ന പൈങ്ങോട്ടൂർ പഞ്ചായത്തിലെ ഏറ്റവും പഴയ റോഡാണിത്.

പാലത്തോട് ബന്ധിക്കുന്ന ഭാഗത്തെ പാർശ്വഭിത്തിയിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതുമൂലം വലിയ വാഹനങ്ങൾ പലതും ഏതാനും നാളുകളായി ഇതുവഴി ഓടുന്നില്ലത്രേ. ഏതുനേരത്തും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലുള്ള പാർശ്വഭിത്തികളും ബലക്ഷയം സംഭവിച്ച പാലവും എത്രയും വേഗം പുനർനിർമിച്ച് വൻദുരന്തം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.