
മൂവാറ്റുപുഴ: സൈബര്‍ വിഭാഗം ഉദ്യോഗസ്ഥനെന്ന എന്ന പേരില്‍ വാട്സാപ് കോളില്‍ വിളിച്ച് അറസ്റ്റ് വാറന്റ് ഉണ്ടെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തില് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ 14ന് മുളവൂര്‍ പുന്നോപ്പടി സ്വദേശിനി ഫാസിഹയില് നിന്നാണ് പണം തട്ടിയത്. വാട്സാപ് നമ്പറില്‍ വിളിച്ച് മുംബൈ പൊലീസിന്റെ സൈബര്‍ വിങ്ങില്‍ നിന്നാണെന്നു പരിചയപ്പെടുത്തിയ ശേഷമായിരുന്നു തട്ടിപ്പ്. തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു തട്ടിപ്പു നടത്തിയിട്ടുണ്ടെന്നും കനറാ ബാങ്കിലെ അക്കൗണ്ടിലൂടെ കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും ഈ കേസുകളില്‍ അറസ്റ്റ് വാറന്റ് ഉണ്ടെന്നും പറഞ്ഞു.

കേസില്‍ നിന്നൊഴിവാക്കാന്‍ പണം വേണമെന്നായിരുന്നു ആവശ്യം. വീട്ടമ്മ ബാങ്കില്‍ ഉണ്ടായിരുന്ന 20 ലക്ഷം രൂപയോളം അപ്പോള്‍ തന്നെ തട്ടിപ്പു സംഘം നല്കിയ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു. ബാക്കി 20 ലക്ഷം രൂപ സ്വര്‍ണം പണയപ്പെടുത്തിയും നല്കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണു തട്ടിപ്പു മനസ്സിലായത്. പരാതിയെ തുടര്‍ന്നു മൂവാറ്റുപുഴ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. മൂവാറ്റുപുഴയില്‍ മഞ്ഞപ്ര സുനിയ നാരായണന്, വിജിലന്‍സ് കോടതി ജഡ്ജി എന്നിവര്‍ക്കും സമാന അനുഭവമുണ്ടായെങ്കിലും തട്ടിപ്പാണെന്നു മനസ്സിലായതോടെ ഇവര്‍ക്ക് പണം നഷ്ടപ്പെട്ടിരുന്നില്ല.