
മൂവാറ്റുപുഴ: കോതമംഗലം- മൂവാറ്റുപുഴ റോഡിൽ കക്കടാശേരി കവലയിൽ ഓട്ടോറിക്ഷയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഓട്ടോ ഡ്രൈവർ മുളവൂർ ഹെൽത്ത് ജംഗ്ഷൻ ദേവർകുന്നേൽ വിപിൻ രാജൻ (33) ആണ് പരിക്കേറ്റത്. വിപിൻ രാജനെ ആദ്യം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി ആലുവായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു. കക്കടാശേരി – കളിയാർ റോഡിന്റെ തുടക്കഭാഗമായ കക്കടാശേരി ജംഗ്ഷൻ അപകട മേഖലയായി മാറിയിരിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. സമയബന്ധിതമായി റോഡ് നവീകരണം നടപ്പാക്കാത്തതാണ് അപകടങ്ങൾക്ക് കാരണമെന്നും നാട്ടുകാർ പറയുന്നു.