
കട്ടപ്പന : പഴയ ബസ്റ്റാന്റിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്റ്റാന്റിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ നാല് ടയറുകളുടെ കാറ്റും അഴിച്ചുവിട്ടു. കട്ടപ്പന അമ്പലക്കവല പുളിയനാപ്പള്ളിൽ ജിനോ കുര്യന്റെ കാറാണ് സാമൂഹിക വിരുദ്ധർ തകരാറിലാക്കിയത്. ശനിയാഴ്ച പുലർച്ചെ സ്റ്റാന്റിലെ പാർക്കിങ്ങ് മൈതാനത്ത് കാർ പാർക്ക് ചെയ്തശേഷം ജിനോ കൊല്ലത്തേയ്ക്ക് പോയി. രാത്രി തിരികെ എത്തിയപ്പോഴാണ് നാല് ടയറുകളുടെയും കാറ്റ് അഴിച്ചുവിട്ടതായി കണ്ടത്. സ്ഥലത്തെ വ്യാപാരികളോട് വിവരം തിരക്കിയെങ്കിലും അവർക്കും അറിവുണ്ടായിരുന്നില്ല. തുടർന്ന് കട്ടപ്പന പൊലീസിൽ പരാതി നൽകി. സ്റ്റാൻഡിലെ കടകളുടെ സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം തുടങ്ങി.നിരവധി സാമൂഹ്യവിരുദ്ധരാണ് രാത്രിയാകുന്ന പഴയ ബസ്റ്റാന്റ് താവളം ആക്കുന്നത്. ഇവിടെയെത്തുന്ന യാത്രക്കാർക്ക് ഇതു വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. രാത്രികാലങ്ങളിൽ പഴയ ബസ്റ്റാൻഡിലാണ് ദീർഘദൂരം ബസ്സുകൾ യാത്രക്കാർക്ക് ആയി നിർത്തിയിടുന്നത്. അതുകൊണ്ടുതന്നെ നിരവധി ദീർഘദൂര യാത്രക്കാരാണ് ബസ് കാത്തുനിൽക്കുന്നത്. വാഹനങ്ങൾ രാത്രിയിൽ പാർക്ക്ചെയ്യുന്നതും ബസ് ഉൾപ്പെടെ യാത്രക്കാർക്കായി നിർത്തിയിടുകയും ചെയ്യുന്ന സ്ഥലത്ത് സുരക്ഷാ ക്രമീകരണങ്ങളില്ല .

വഴിവിളക്കില്ല
വഴിവിളക്കുകളുടെ അഭാവത്തിൽ ഇരുട്ടിലാണ് പഴയ ബസ്റ്റാന്റ്. സുരക്ഷയ്ക്കായി ക്യാമറ സംവിധാനങ്ങളും ഇല്ല. ഉയരം കൂടിയ ഹൈമാസ്റ്റ് ലൈറ്റും ക്യാമറകളും സ്ഥാപിക്കണമെന്ന ആവശ്യത്തിനും നാളുകളുടെ പഴക്കമുണ്ട്. മദ്യപ സംഘത്തിന്റെയും ലഹരി ഉപയോഗിക്കുന്നവരുടെ അഴിഞ്ഞാട്ട കേന്ദ്രമായി പഴയ ബസ്റ്റാൻഡ് പലപ്പോഴും മാറാറുണ്ട്. മേഖലയിലെ രാത്രികാല വ്യാപാരികൾ വിളിച്ചു പൊലീസിൽ വിളിച്ചു പറയുന്നതോടെ ഉദ്യോഗസ്ഥരെത്തി മദ്യപ സംഘത്തെ കൊണ്ടുപോകുന്നതാണ് പതിവ്.