
കോതമംഗലം: പുന്നേക്കാട് ടൗണിൽ മൂന്ന് കടകൾ കുത്തിപ്പൊളിച്ച് പണവും മൊബൈലും കവർന്നു. ഇന്നലെ പുലർച്ചെയായിരുന്നു മോഷണ പരമ്പര. കോതമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. പുന്നേക്കാട് കവലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിലും രണ്ട് പലചരക്കുകടകളിലുമാണ് മോഷണം നടന്നത്. മെഡിക്കൽ സ്റ്റോറിന്റെ ഷട്ടർ പൂട്ടിയിരുന്ന താഴ് തകർത്ത് കടയ്ക്കകത്തെ മേശ കുത്തിത്തുറന്ന് ആറായിരത്തിലധികം രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചു. പലചരക്ക് കടകളിലും ഷട്ടറിന്റെ താഴ് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. ഈ കടകളിൽ സൂക്ഷിച്ചിരുന്ന രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് മോഷണം നടന്നിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. കട തുറക്കാൻ വന്നപ്പോൾ ഷട്ടറിന്റെ താഴ് കാണാനുണ്ടായിരുന്നില്ലെന്നും പണവും മൊബൈലും നഷ്ടപ്പെട്ടെന്നും മെഡിക്കൽ സ്റ്റോർ ഉടമ ക്ലൈറ്റസ് പറഞ്ഞു.
