
കോതമംഗലം: കനത്ത മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലിൽ കോതമംഗലം പിണ്ടിമന അയിരൂർപ്പാടത്ത് അഞ്ച് വീടുകൾക്ക് കേടുപാട് സംഭവിച്ചു. ആളപായമില്ല. ഞായറാഴ്ച വൈകുന്നേരം 4.30 ഓടെയാണ് സംഭവം. അയിരൂർപ്പാടം കോൺവന്റിന് സമീപം മാണിയാട്ടുകുടി ഫിറോസ്, മാണിയാട്ടുകുടി ഷാഫി, മാണിയാട്ടുകുടി ഷംസുദീൻ, ചിറ്റേത്തുകുടി നിയാസ്, കുമ്പശേരി അഷ്റഫ് എന്നിവരുടെ വീടുകൾക്കും ഇലക്ട്രിക് സാമഗ്രികൾക്കുമാണ് നാശനഷ്ടമുണ്ടായത്. മിന്നലിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത് ഫിറോസിന്റെ വീടിനാണ്. വീടിന്റെ ഭിത്തിയുടെ പലയിടത്തും മേൽക്കൂരയിലും പൊട്ടൽ വീണിട്ടുണ്ട്. ജനൽ ചില്ലുകൾ തകർന്നു. മീറ്ററും വയറിംഗും കത്തിപ്പോയി. ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും കേടുപാട് സംഭവിച്ചു. ഫിറോസും ഭാര്യയും കുഞ്ഞും അമ്മയും ബെഡ് റൂമിലായിരുന്നു. സമീപത്തെ വീടുകളിലെ ഇൻവെർട്ടർ, സീലിംഗ് ഫാൻ തുടങ്ങിയയും കത്തിപ്പോയി.
