
ആലുവ: മാലദ്വീപ് സ്വദേശിനി ഐഷത്ത് നാദുഹ (18)യുടെ ശ്വാസകോശ വാൽവ് നൂതന രീതിയിലൂടെ മാറ്റിവച്ച് രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ. ട്രാൻസ്കത്തീറ്റർ പൾമണറി വാൽവ് റീപ്ലേസ്മെന്റ് രീതിയിലൂടെയാണ് ശസ്ത്രക്രിയ ഇല്ലാതെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. സുരേഷ് ഡേവിസിന്റെ നേതൃത്വത്തിൽ വാൽവ് മാറ്റിവച്ചത്.
ഗുരുതരമായ ശ്വാസതടസത്തെ തുടർന്നാണ് ഐഷത്ത് രാജഗിരിയിലെത്തുന്നത്. അശുദ്ധ രക്തം ശ്വാസകോശത്തിൽ എത്തിക്കാൻ സഹായിക്കുന്ന പൾമണറി വാൽവിൽ ഉണ്ടായ തകരാറാണ് ഹൃദയത്തിലേക്ക് രക്തം തിരികെ ഒഴുകാൻ ഇടയാക്കിയത്. ഹൃദയം തുറന്നുളള ശസ്ത്രക്രിയയിലൂടെ വാൽവ് മാറ്റിവയ്ക്കുന്നതാണ് സാധാരണ ചികിത്സാരീതി. എന്നാൽ ഐഷത്ത് ചെറുപ്പത്തിൽ ഹൃദയ ശസ്ത്രക്രിയക്ക് വിധേയയായത് കണക്കിലെടുത്ത് സർജറി ഒഴിവാക്കുകയായിരുന്നു.
ആയോട്ടിക് വാൽവ് മാറ്റി വയ്ക്കാൻ ട്രാൻസ്കത്തീറ്റർ രീതി അവലംബിക്കാറുണ്ടെങ്കിലും പൾമണറി വാൽവ് മാറ്റിവയ്ക്കാൻ ഈ രീതി ഉപയോഗിക്കുന്നത് ആപൂർവ്വമാണെന്ന് ഡോ. സുരേഷ് ഡേവിസ് പറഞ്ഞു.
ഐഷയുടെ കുടുംബം മൂന്ന് ദിവസത്തിനൊടുവിൽ ആശുപത്രി വിട്ടു. കാർഡിയോളജി വിഭാഗത്തിലെ ഡോ.ജേക്കബ് ജോർജ്, ഡോ. ബ്ലസൻ വർഗീസ്, ഡോ. വിഷ്ണു കെ എന്നിവർ ചികിത്സയിൽ പങ്കാളികളായി.
