കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സോഷ്യോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “സംസ്കൃതിയും നാട്ടറിവും, നാടോടിക്കഥകളും” എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.

പ്രശസ്ത എഴുത്തുകാരനും, കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല സോഷ്യൽ സയൻസസ് സ്കൂളിലെ ഡയറക്ടറുമായ പ്രൊഫ. ദിനേശൻ വടക്കിനിയിൽ മുഖ്യ പ്രഭാഷണം നടത്തി.

ജീവിതാനുഭവങ്ങൾ, സ്മൃതികൾ, സാംസ്കാരിക രീതികൾ എന്നിവയിൽ നിന്ന് സമൂഹ്യാധിഷ്ഠിത വിജ്ഞാന സംവിധാനങ്ങൾ എങ്ങനെ ഉയർന്നുവരുന്നു എന്നതിനെ കേന്ദ്രീകരിച്ചായിരുന്നു പ്രഭാഷണം. നാടോടി പാരമ്പര്യങ്ങൾ ജ്ഞാനശാസ്ത്രത്തെയും സാമൂഹിക ഭാവനയെയും എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിനെക്കുറിച്ചുള്ള സൂക്ഷ്മമായ വിലയിരുത്തൽ അദ്ദേഹം വിദ്യാർത്ഥികൾക്ക് പകർന്ന് നൽകി.

നാടോടി അറിവിന്റെ ശക്തമായ ഉദാഹരണമായി തെയ്യത്തെക്കുറിച്ചും, തെയ്യത്തിന്റെ അർത്ഥ തലത്തെക്കുറിച്ചും, തെയ്യക്കാരുടെ ചരിത്രബോധത്തെക്കുറിച്ചുമെല്ലാം കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ മുൻ ഡയറക്ടറായ അദ്ദേഹം സംസാരിച്ചു. വകുപ്പ് മേധാവി ഡോ.ഡയാന മാത്യൂസ് പരിപാടിക്ക് നേതൃത്വം നൽകി.

