തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി ലീപ് കേരളയുടെ ആഭിമുഖ്യത്തിൽ കാക്കനാട് കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ വച്ചു വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ് ഉദ്ഘാടനം ചെയ്തു.

ജില്ലയിൽ നിന്നുള്ള 50 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ആലുവ യു.സി കോളേജ് വിദ്യാർത്ഥിനികളായ നിത്യ പൗലോസ്, വി.കെ അനുഗ്രഹ എന്നിവർ ഒന്നാം സ്ഥാനവും, എറണാകുളം ലോ കോളേജ് വിദ്യാർത്ഥികളായ കെ. പി. അശ്വന്ത് ബാബു, പ്രമിത് സി. മേനോൻ എന്നിവർ രണ്ടാം സ്ഥാനവും, സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് വിദ്യാർത്ഥികളായ ഗോകുൽ തേജസ് മേനോൻ, അഭിനവ് ജെ. കുമാർ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്ക് അസിസ്റ്റൻ്റ് കളക്ടർ പാർവ്വതി ഗോപകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും 10,000 രൂപയുടെ ക്യാഷ് അവാർഡും. രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് യഥാക്രമം 7500 , 5000 രൂപയുടെ ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും ലഭിച്ചു.

ഹുസൂർ ശിരസ്തദാർ ജി.വി ജ്യോതി, ഐ.ടി. മിഷൻ ജില്ലാ മാനേജർ ചിഞ്ചു സുനിൽദത്ത്, എച്ച്.ഡി.എഫ്.സി പ്രതിനിധികളായ വിനോദ് തറമേൽ, ഫാഹിം റഹൂഫ് എന്നിവർ പങ്കെടുത്തു.

