പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.
അങ്കമാലിയിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതി പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടു. അസ്സം സ്വദേശി രൂഹുൽ അമീൻ (28) ആണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 5.30ഓടെയാണ് സംഭവം.

ആലുവ മുട്ടത്തെ ഐടി സ്ഥാപനത്തിൽ നിന്നു നിർമാണ സാമഗ്രികൾ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ. ആലുവ മജിസ്ട്രേട്ട് അവധിയായിരുന്നതിനാൽ പ്രതിയെ അങ്കമാലി കോടതിയിൽ ഹാജരാക്കാൻ എത്തിച്ചതായിരുന്നു.

കോടതിക്ക് മുൻപിൽ ജീപ്പ് നിർത്തിയ ഉടനെ കൈവിലങ്ങുകൾ ഇല്ലാത്ത പ്രതി ഇറങ്ങി ഓടി. ബസലിക്ക പള്ളിയിലേക്കുള്ള റോഡുവഴിയാണ് പ്രതി ഓടിയത്. പൊലീസ് പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.

