മൂന്നാർ: 63.81 കോടി രൂപയുടെ പദ്ധതിക്കാണ് ഇന്നലെ ആരോഗ്യ വകുപ്പ് അനുമതി നൽകിയത്. തോട്ടം, ആദിവാസി മേഖലകൾ ഉൾപ്പെടുന്ന മൂന്നാർ മേഖലയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്നു ആശുപത്രി. പ്രധാന കെട്ടിടത്തിനും സ്ഥലം വികസിപ്പിക്കുന്നതിനും 49.20 കോടി രൂപ, ഡോക്ടർമാരുടെ ക്വാർട്ടേഴ്സിന് 2.08 കോടി രൂപ, നഴ്സുമാരുടെ ക്വാർട്ടേഴ്സിന് 1.99 കോടി രൂപ, സപ്പോർട്ടിങ് സ്റ്റാഫ് ക്വാർട്ടേഴ്സിന് 1.36 കോടി രൂപ, സർവീസ് കെട്ടിടം 1.27 കോടി രൂപ, മോർച്ചറിക്ക് 51.39 ലക്ഷം രൂപ, ആശുപത്രിയിലെ ബോർഡുകൾക്ക് 10 ലക്ഷം രൂപ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിന് 56.53 കോടി രൂപ എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്. കൺസൽറ്റൻസി സേവനങ്ങൾക്കും മറ്റുള്ളവയ്ക്കുമാണ് ബാക്കി തുക. വൈകാതെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ദേവികുളം എംഎൽഎ എ.രാജാ പറഞ്ഞു.

ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രത്തിനോടു ചേർന്നുള്ള 5 ഏക്കർ സ്ഥലത്താണ് ആശുപത്രി നിർമിക്കാൻ ഉദ്ദേശിക്കുന്നത്. കിഫ്ബിയുടെ സഹായത്തോടെ ആധുനിക സംവിധാനങ്ങളോടെയുള്ള ആശുപത്രി നിർമിക്കാനാണ് അനുമതി നൽകിയത്. സൈലന്റ്‌വാലി റോഡിലെ റവന്യു വകുപ്പിന്റെ 8 ഏക്കർ ഭൂമി കണ്ടെത്തി മണ്ണ് പരിശോധന ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ പൂർത്തിയാക്കിയിരുന്നു. ആശുപത്രി ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം നിർമിക്കണമെന്ന ആവശ്യത്തെത്തുടർന്ന് നടത്തിയ മണ്ണുപരിശോധനയിൽ ഇവിടം നിർമാണത്തിന് യോജിച്ചതല്ലെന്ന് കണ്ടെത്തിയതോടെ പദ്ധതി നിലച്ചു. തുടർന്നാണ് ദേവികുളത്ത് സ്ഥലം കണ്ടെത്തിയത്. 78 കോടി രൂപ ചെലവാണ് കണക്കാക്കുന്നത്. 20.92 കോടി രൂപ ഭൂമിയുടെ അടിസ്ഥാന വിലയാണ്.

