
കുട്ടമ്പുഴ: ഓൾഡ് ആലുവ മുന്നാർ (രാജപാത) പി.ഡബ്ല്യു.ഡി റോഡിന്റെ വീണ്ടെടുപ്പിന് പോരാട്ടം കടുപ്പിക്കാനൊരുങ്ങി നാട്ടുകാർ. റോഡ് പുനർനിർമ്മിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിൽ സമ്മർദ്ദം ശക്തമാക്കാൻ ഇന്നലെ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് ട്രൈബൽ ഷെൽട്ടർ ഹോമിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു.

ഡീൻ കുര്യാക്കോസ് എം.പി യോഗം ഉദ്ഘാടനം ചെയ്തു. റോഡിന്റെ ഗുണഭോക്തൃ മേഖലയിലെ മുഴുവൻ ജനപ്രതിനിധികളും സംയുക്തമായി പൊതുമരാമത്ത്, വനംവകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകും. അതോടൊപ്പം മേഖലയിൽ ഉൾപ്പെടുന്ന 5 ഗ്രാമ പഞ്ചായത്തിലെയും ജനങ്ങളെ അണിനിരത്തി രാജപാതയിലൂടെ ഒരുമിച്ച് യാത്രചെയ്യാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അദ്ധ്യക്ഷനായി. കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് , മാങ്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെയിംസ് കോറമ്പേൽ, ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ഷാജി പയ്യാനിയ്ക്കൽ, ഡാമി പോൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ആന്റണി കളത്തിക്കുന്നേൽ, ബിനോയി പള്ളത്ത്, കെ.എസ്. ഗോപി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സൽമ പരീത്, പി.പി. ജോഷി, പരിസ്ഥിതി സംഘടന പ്രതിനിധികളായ എസ്.ആദർശ്, കെ.എ. ജോൺസൺ, സിജുമോൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.