
കിഴക്കമ്പലം: നിർദ്ദിഷ്ട അങ്കമാലി കുണ്ടന്നൂർ ബൈപാസ് റോഡിന്റെ അതിർത്തി തിരിക്കുന്ന കല്ലുകൾ പട്ടിമറ്റം, ചൂരക്കോട്, ചേലക്കുളം മേഖലകളിൽ തുടങ്ങി. പട്ടിമറ്റത്ത് ജനറൽ ക്ളിനിക്കിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നുമാണ് ഇന്നലെ നടപടികൾക്ക് തുടക്കമായത്. ദേശീയ പാതയുടെ പാലക്കാട് ഓഫീസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അതിർത്തി തിരിച്ച് കല്ലിടുന്നത്. വിവിധ മേഖലകളിൽ ഒന്നിലധികം ടീമുകളാണ് കല്ലീടിൽ പൂർത്തിയാക്കുന്നത്. കല്ലിടൽ പൂർത്തിയായാൽ മാത്രമാണ് ഏതൊക്കെ സർവെ നമ്പറിൽ എത്ര ഭൂമി റോഡിനായി ഏറ്റെടുക്കേണ്ടി വരുമെന്ന കാര്യത്തിൽ തിട്ടപ്പെടുത്താൻ കഴിയൂ.
പരാതി പരിഹരിച്ച് 3 ഡി നോട്ടിഫിക്കേഷൻ ഇറങ്ങുന്നതോടെ സ്ഥലമേറ്റെടുപ്പ് നടപടികൾ തുടങ്ങും. ഒരു വർഷത്തിനുള്ളിൽ 3 ഡി നോട്ടിഫിക്കേഷൻ വരും. ഇതിൽ സ്ഥലത്തിന്റെ മതിപ്പു വില മരങ്ങളുടെ വില, കെട്ടിടങ്ങളുടെ വില അടക്കം പ്രസിദ്ധീകരിക്കും.കേന്ദ്ര സർക്കാരിന് വേണ്ടി ജില്ലാ കളക്ടറാകും സ്ഥലം ഏറ്റെടുത്ത് നൽകുന്നത്. സംസ്ഥാന പൊതുമരാമത്ത് വിഭാഗമാണ് സ്ഥലത്തിന്റെ വില നിർണയിക്കുന്നത്. 90 ശതമാനം ഭൂമിയും ഏറ്റെടുത്തുകഴിഞ്ഞാൽ മാത്രമേ നിർമ്മാണം തുടങ്ങുകയുള്ളൂ.
അറയ്ക്കപ്പടി, പട്ടിമറ്റം, കിഴക്കമ്പലം, വടവുകോട്, പുത്തൻകുരിശ്, ഐക്കരനാട് സൗത്ത്, നോർത്ത്, തിരുവാണിയൂർ, മാറമ്പിള്ളി, വാഴക്കുളം, വെങ്ങോല, കുന്നത്തുനാട്, പാറക്കടവ്, കറുകുറ്റി, തുറവൂർ, കാലടി, മറ്റൂർ, വടക്കുംഭാഗം, കിഴക്കുംഭാഗം, തെക്കുംഭാഗം, കുരീക്കാട്, തിരുവാങ്കുളം, മരട്, അങ്കമാലി എന്നീ വില്ലേജുകളിൽ നിന്നും 290.058 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്
പാതക്കായി 3 എ വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു 3 ബി വിജ്ഞാപനത്തോടനുബന്ധിച്ചാണ് സർവെ നടക്കുന്നത് സ്ഥല പരിശോധന പൂർത്തിയാക്കി അടുത്ത വിജ്ഞാപനമിറങ്ങും
അങ്കമാലി കരയാം പറമ്പിൽ നിന്ന് ആരംഭിച്ച് മരട് നെട്ടൂരിൽ 47 കിലോമീറ്റർ ദൈർഘ്യമുള്ള പാത അവസാനിക്കും.
ആലുവ, കുന്നത്തുനാട്, കണയന്നൂർ താലൂക്കുകളിലെ 25 വില്ലേജുകളിലൂടെ കടന്നുപോകും.
1956 ലെ എൻ.എച്ച് ആക്ട് പ്രകാരമാണ് സ്ഥലം ഏറ്റെടുക്കൽ
എൻ.എച്ച് 66 വികസനത്തിന് അനുവദിച്ചതിന് സമാനമായ നഷ്ടപരിഹാര പാക്കേജ് തന്നെ ബൈപാസ് നിർമാണത്തിനും ഉണ്ടാകും. അതിന് പുറമെ, പൊളിക്കേണ്ടിവരുന്ന കെട്ടിടങ്ങളുടെയും മുറിക്കേണ്ടിവരുന്ന മരങ്ങളുടെയും മൂല്യവും നഷ്ടപരിഹാരമായി നൽകും.