perumbavoor shop
കടമുറി പൊളിച്ചതിനു പിന്നിൽ പ്ലൈവുഡ് മാഫിയയാണെന്നാണ് നാട്ടുകാരുടെ നിഗമനം.

പെരുമ്പാവൂർ: അശമന്നൂർ ഉദയ കവലയിൽ വിധവയായ വയോധികയുടെ ഉടമസ്ഥതയിലുള്ള കടമുറി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു രാത്രിയിൽ സാമൂഹിക വിരുദ്ധർ തകർത്തു. സമീപത്തു പ്രവർത്തിക്കുന്ന ഉദയ ആർട്സ് സ്പോർട്സ് ക്ലബ് കെട്ടിടത്തിനും കേടുപാട് സംഭവിച്ചു. പരേതനായ മേക്കമാലിൽ ജോർജിന്റെ പേരിലുള്ളതാണ് കടമുറി. ഇദ്ദേഹത്തിന്റെ ഭാര്യ മോളി ജോർജിനാണ് ഉടമസ്ഥാവകാശം.

ഈ കെട്ടിടത്തിനു സമീപത്തായി പ്ലൈവുഡ് കമ്പനി പ്രവർത്തിക്കുന്നുണ്ട്. കമ്പനിയിലേക്കുളള വഴിക്കു വീതി കുറവാണ്. വഴിയോടു ചേർന്നാണ് തകർക്കപ്പെട്ട കടമുറി സ്ഥിതി ചെയ്തിരുന്നത്. നിലവിൽ കടമുറിയിൽ കച്ചവടമില്ല. യുഡിഎഫ് പ്രവർത്തകർ പ്രചാരണ സാമഗ്രികൾ സൂക്ഷിച്ചിരുന്നു.

Sponsored

മേതല ഉദയ കവലയിൽ പ്ലൈവുഡ് മാഫിയ സംഘങ്ങളുടെ ഗുണ്ടാ വിളയാട്ടമാണെന്നു നാട്ടുകാർ ആരോപിച്ചു. പഞ്ചായത്ത് നമ്പറിട്ട കടമുറി പൊളിച്ചതിനു പിന്നിൽ പ്ലൈവുഡ് മാഫിയയാണെന്നാണ് നാട്ടുകാരുടെ നിഗമനം. കമ്പനികളുടെ അന്തരീക്ഷ മലിനീകരണം മൂലം ജീവിതം ബുദ്ധിമുട്ടിലായ നാട്ടുകാർക്ക് ഗുണ്ടാ വിളയാട്ടം സ്വസ്ഥ ജീവിതത്തിനു ഭീഷണിയായിരിക്കുകയാണ്.

വർഷങ്ങൾക്കു മുൻപ് ക്ലബ്ബിനും വായനശാലയ്ക്കും സ്ഥലം വിട്ടു നൽകിയത് ജോർജാണ്. ഇവിടെ നിർമിച്ച കെട്ടിടത്തിനും കേടു സംഭവിച്ചു. കടമുറി പൊളിച്ചതിൽ മോളി ജോർജ് നൽകിയ പരാതിയെ തുടർന്ന് കുറുപ്പംപടി പൊലീസെത്തി പരിശോധിച്ചു.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!