കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ബി. വോക് ബിസിനസ് അക്കൗണ്ടിങ് & ടാക്സേഷൻ കോഴ്സിനോടൊപ്പം ഇനി മുതൽ
ലണ്ടൻ ആസ്ഥാനമായ അസ്സോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് എന്ന പ്രശസ്ത സ്ഥാപനം നടത്തുന്ന ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട എ സി സി എ പ്രോഗ്രാമും പഠിക്കാം.പഠിച്ചിറങ്ങിയാൽ കൈ നിറയെ വമ്പൻ തൊഴിൽ സാധ്യതകളാണ്.

തൊഴിൽ അധിഷ്ഠിത ബി. വോക് കോഴ്സി നോടൊപ്പം തന്നെ വിദ്യാർത്ഥികൾക്ക് “എ സി സി എ” സർട്ടിഫിക്കറ്റ് സ്വന്തമാക്കാൻ സാധിക്കും. സീനിയർ ലെവൽ ഫിനാൻഷ്യൽ, മാനേജ്മെൻ്റ്റോളുകൾക്ക് പഠിതാക്കളെ സജ്ജമാക്കുന്ന കോഴ്‌സാണിത്.റെഗുലർ ബി. വോക് കോഴ്സിനോടൊപ്പം ഒരു പക്ഷെ എം. എ. കോളേജിൽ മാത്രമാകും എ സി സി എ പഠനം ഉള്ളത്. ഫിനാൻഷ്യൽ മാനേജ്മെൻ്റ്, പെർഫോമൻസ് മാനേജ്മെന്റ്, ഇൻ്റർനാഷനൽ ഫിനാൻഷ്യൽ റിപോർട്ടിംഗ്, ഓഡിറ്റ് ആൻഡ് അഷ്വറൻസ്, ടാക്സേഷൻ തുടങ്ങിയ എല്ലാ നിർണായക വിഷയങ്ങളും കോഴ്‌സിൻ്റെ സിലബസ്സിലുണ്ട്. “എ സി സി എ” പൂർത്തിയാക്കിയ ശേഷം മൾട്ടിനാഷനൽ കമ്പനികളിലോ, ഫിനാൻഷ്യൽ കൺസൾട്ടൻസികളിലോ അല്ലെങ്കിൽ മറ്റ് ഉയർന്ന നിലവാരത്തിലുള്ള സ്ഥാപനങ്ങളിലോ ജോലികൾ നേടാൻ സാധിക്കും.

ഇന്ത്യയിൽ “എ സി സി എ” പഠനം അതിവേഗം പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ധനകാര്യത്തിലും അക്കൗണ്ടിംഗിലും ആഗോള കരിയറിലേക്ക് ഈ കോഴ്‌സിലൂടെ എത്തിച്ചേരാൻ സാധിക്കും. അന്താരാഷ്ട്ര അംഗീകാരവും വിപുലമായ തൊഴിലവസരങ്ങളും ഉള്ളതിനാൽ, കടുത്ത മത്സരം നേരിടുന്ന ധനകാര്യ തൊഴിൽ രംഗത്ത് വിജയകരമായി എത്തിച്ചേരാൻ കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ എ സി സി എ യോഗ്യത നേടാൻ ശ്രമിച്ചു തുടങ്ങിയിട്ടുണ്ട്. 180 ലധികം രാജ്യങ്ങളിൽ അംഗീകാരമുള്ള എ സി സി എ അക്കൗണ്ടിംഗ്, ഫിനാൻസ് മാനേജ്മന്റ് രംഗങ്ങളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ സാധ്യതകളുള്ള കോഴ്സാണ്.എ സി സി എ പ്രോഗ്രാമിന്റെ അംഗീകൃത പഠന പങ്കാളിയായ കൊച്ചി കളമശ്ശേരി വിദ്യാഭാരതി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനുമായി ധാരാണാ പത്രം ഒപ്പു വച്ചു.

വിദ്യാഭാരതി അക്കാദമിക് ഡീൻ സുമി എസ് നായർ പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യന് ധാരാണാ പത്രം കൈമാറി. വിദ്യാഭാരതി കോഴ്സ് കോർഡിനേറ്റർ ലുബീന കെ, എം. എ. കോളേജ് ബി. വോക് വിഭാഗം വകുപ്പ് മേധാവി ജോസ്ലിൻ ജോസ്, മിറാൻഡ പോൾ എന്നിവർ സന്നിഹിതരായിരുന്നു.

