
മൂവാറ്റുപുഴ : ഭാര്യയെ അപമാനിച്ചത് ചോദ്യം ചെയ്യാനെത്തിയ ഇതരസംസ്ഥാന തൊഴിലാളിയെ ഒരു കൂട്ടം ആളുകൾ ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. പേഴയ്ക്കപ്പിള്ളിയിലുണ്ടായ സംഭവം ഒത്തുതീർപ്പാക്കാൻ പോലീസ് നിർബന്ധിച്ചെന്നും ഒടുവിൽ ഇതര സംസ്ഥാനതൊഴിലാളികൾ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഉറച്ചുനിന്നത്തോടെ കേസ് എടുക്കുകയായിരുന്നെന്നും ആരോപണമുയർന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ബംഗാൾ സ്വദേശികളായ നൈജുൽ റഹിം (39), ഭാര്യ ഹസ്ന (32) എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി.

തിങ്കളാഴ്ച പേഴയ്ക്കാപ്പിള്ളിയിലെ കടയിലെത്തി കോഴിയിറച്ചി വാങ്ങിയ ഹസ്നയെ ഇവിടെ ഉണ്ടായിരുന്നയാൾ കയറിപ്പിടിക്കാൻ ശ്രമിച്ചെന്നും ഇക്കാര്യം അറിഞ്ഞ ഭർത്താവ് നൈജുൽ ഇതു ചോദ്യം ചെയ്തതിനെ തുടർന്ന് ഒരു സംഘം ആളുകൾ ചേർന്നു മർദിച്ചെന്നുമാണ് പരാതി. രാത്രി ഒന്പതോടെയാണ് തൊഴിലാളിക്കും ഭാര്യയ്ക്കുമെതിരെ ആക്രമണമുണ്ടായത്. പേഴയ്ക്കാപ്പിള്ളിയിൽ നടുറോഡിൽ ഇതരസംസ്ഥാന തൊഴിലാളിയും നാട്ടുകാരിൽ ചിലരും ചേർന്നുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നു ആളുകൾ തടിച്ചു കൂടിയതിനെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.

അതേസമയം ഭാര്യയെ അപമാനിച്ചെന്നാരോപിച്ച് നൈജുൽ എത്തിയത് ആളുമാറി മറ്റൊരാളുടെ വീട്ടിലായിരുന്നുവെന്നും ഇതു തിരിച്ചറിഞ്ഞിട്ടും നൈജുൽ ബഹളം വച്ചതാണ് പ്രകോപനം സൃഷ്ടിച്ചതെന്നുമാണ് ആരോപണ വിധേയർ പോലീസിനോടു പറഞ്ഞിരിക്കുന്നത്. എന്നാൽ അത് ശരിയല്ലെന്നും കയറിപ്പിടിച്ച ആളെ തിരിച്ചറിയാമെന്നും നൈജുൽ ചോദ്യം ചെയ്തത് ഇയാളെ തന്നെയായിരുന്നുവെന്നുമാണ് ഹസ്ന പോലീസിനോടു പറഞ്ഞിരിക്കുന്നത്.