
ഇടുക്കി: നെടുങ്കണ്ടത്ത്, സ്ലീവാമലയിൽ ഇടുക്കി രൂപതയുടെ കീഴിലുള്ള സെൻറ് ബെനഡിക്റ്റ് എൽ പി സ്കൂളിൽ വിദ്യാർത്ഥിയെക്കൊണ്ട് അധ്യാപിക സഹപാഠിയുടെ ഛർദി വാരിപ്പിച്ച സംഭവത്തിൽ ജില്ലാ കളക്ടർക്കും വിദ്യാഭ്യാസ വകുപ്പിനും കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപികയായ മരിയ ജോസഫിനെതിരെയും, സ്കൂൾ മാനേജ്മെന്റിനുമെതിരെയുളള പരാതി ഉടൻ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉത്തരവിട്ടത്.

നെയ്യാറ്റിൻകര ഗവൺമെന്റ് ബോയ്സ് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റിച്ച സംഭവത്തിലും,കാട്ടാക്കട പൂവച്ചൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ പ്രഥമാധ്യാപികയ്ക്കും പിടിഎ പ്രസിഡണ്ടിനും മർദ്ദനമേറ്റ സംഭവത്തിലും ഉടൻ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐ എ എസിന് നിർദേശം നൽകി.