
കൊച്ചി • അന്വേഷണത്തിനായി നിങ്ങളുടെ അക്കൗണ്ടിലെ പണം ആർക്കെങ്കിലും കൈമാറണമെന്ന് ഇന്ത്യയിലെ ഒരു അന്വേഷണ ഏജൻസിയും നിങ്ങളോട് ആവശ്യപ്പെടില്ല. അന്വേഷണത്തിന് ആവശ്യമുണ്ടെന്നു തോന്നുന്നപക്ഷം നിങ്ങളുടെ അക്കൗണ്ട് നിയമപരമായി മരവിപ്പിക്കാൻ പോലീസിനും മറ്റ് ഏജൻസികൾക്കും അധികാരമുണ്ട്.
അതുകൊണ്ടുതന്നെ, നിങ്ങളുടെ പണം കൈമാറണമെന്നോ ഓ ടി പി നൽകണമെന്നോ ബാങ്ക് അക്കൗണ്ട് നമ്പർ വേണമെന്നോ ആരെങ്കിലും നിങ്ങളോട് ആവശ്യപ്പെട്ടാൽ ഓർത്തോളൂ, അത് തട്ടിപ്പാണ്. ഒരിക്കലും അതിനു വഴങ്ങരുത്.
അഥവാ സാമ്പത്തികത്തട്ടിപ്പിൽ പെട്ടുപോയാൽ എത്രയും വേഗം 1930 എന്ന നമ്പറിൽ പോലീസിനെ വിവരം അറിയിക്കുക. തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനകം ഈ നമ്പറിൽ വിവരമറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.