
കൊച്ചി: ചൈനയിലേക്ക് നിയമവിരുദ്ധമായ പാഴ്സല്‍ അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് എറണാകുളം സ്വദേശിയില്‍നിന്നു ഡിജിറ്റര്‍ അറസ്റ്റ് തട്ടിപ്പ് വഴി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കൊടുവള്ളി വാവാട് സ്വദേശി കെ.പി. ജാഫറി(28)നെ കൊച്ചി സിറ്റി സൈബര്‍ പോലീസാണ് പിടികൂടിയത്. കൊറിയര്‍ സര്‍വീസ് സ്ഥാപനത്തിലെ ജീവനക്കാരന് ആണെന്ന വ്യാജേനയാണ് പ്രതി പരാതിക്കാരനെ ഫോണില്‍ ബന്ധപ്പെട്ടത്.
ചൈനയിലെ ഷാങ് ഹായിയലേക്ക് നിയമവിരുദ്ധമായി എഡിഎം കാര്‍ഡ്, ലാപ്ടോപ്, എംഡിഎംഎ, ക്യാഷ് എന്നിവ പരാതിക്കാരന്റെ പേരിലുള്ള മുംബൈ വിലാസത്തില്‍ നിന്ന് അയച്ചിട്ടുണ്ടെന്നും ഇതില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമാണ് പ്രതി അറിയിച്ചത്. തുടര്‍ന്ന് പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ട് കോടതിക്ക് പരിശോധിക്കണമെന്നും ഇതിനായുള്ള തുക നോട്ടറിയുടെ അക്കൗണ്ട് എന്നു പറഞ്ഞ് നല്കിയ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കണമെന്നും പറഞ്ഞു. ഇത്തരത്തിൽ പരാതിക്കാരന്റെ അക്കൗണ്ടില്‍നിന്ന് അഞ്ചു ലക്ഷത്തോളം രൂപ വാങ്ങിച്ചെടുക്കുകയായിരുന്നു.
തട്ടിപ്പ് മനസിലായതോടെ പരാതിക്കാരന് എറണാകുളം സൗത്ത് പോലീസിനെ സമീപിക്കുകയായിരുന്നു. കേസ് തുടര്‍ന്ന് കൊച്ചി സിറ്റി സൈബര്‍ പോലീസിന് കൈമാറി. ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. കേസിലെ മുഖ്യപ്രതി കോഴിക്കോട് സ്വദേശി മുഹമ്മദ് തുഫൈലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.