February 6, 2026
AI TEACHER
മലപ്പുറം കക്കോവ് പിഎംഎസ്എ പിടിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് സാരിയുടുത്തു നിൽക്കുന്ന 'എഐ' ടീച്ചറെ നിർമ്മിച്ചിരിക്കുന്നത്.

കൊച്ചി: കൊച്ചിയിൽ നടക്കുന്ന 38-ാമത് കേരള സയൻസ് കോൺഗ്രസ് എക്സിബിഷനിൽ എ ഐ അധിഷ്ഠിത സാങ്കേതികവിദ്യയിലൂടെ വിദ്യാർത്ഥികളെ പഠനത്തിൽ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന “എഡ്യൂ ബോട്ട്” എന്ന സ്മാർട്ട് വെർച്വൽ ടീച്ചറുമായാണ് ഒരുകൂട്ടം വിദ്യാർത്ഥികൾ എത്തിയിരിക്കുന്നത്. മലപ്പുറം കക്കോവ് പിഎംഎസ്എ പിടിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥികളായ എ.ആഗ്‌നേയ്, പി.സി. ഹസീഫ് മുഹമ്മദ്, എ.നിരഞ്ജൻ, കെ.അർചിത് പ്രകാശ് എന്നിവരാണ് സാരിയുടുത്തു നിൽക്കുന്ന ‘എഐ’ ടീച്ചറെ നിർമ്മിച്ചിരിക്കുന്നത്. സ്‌കൂളുകളിൽ ടീച്ചർ വന്നില്ലെങ്കിലും കുട്ടികളുടെ പഠനം ഇനി മുടങ്ങില്ല. യഥാർഥ ടീച്ചർക്ക് ലോകത്ത് എവിടെയുമിരുന്ന് ഈ എഐ എഡ്യു ബോട്ട് ഓപ്പറേറ്റിങ് സിസ്‌റ്റത്തെ നിയന്ത്രിക്കാം. ഇതിനായി അഡ്മിൻ മാനേജ്‌മെന്റും ആക്റ്റിവിറ്റി ട്രാക്കിംഗും അനുവദിക്കുന്ന എഡ്യൂ കണക്ട് മൊബൈൽ ആപ്പാണ് ടീച്ചർ ഉപയോഗിക്കുക. ഇഷ്‌ടാനുസൃതമായി നിർമ്മിച്ച എഡ്യൂ ബോട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം എച് ടി എം എൽ, സി എസ് എസ്, ജാവ സ്ക്രിപ്റ്റ്, ജെക്വയറി, ബൂട്സ്ട്രാപ് തുടങ്ങിയ ആധുനിക വെബ് സാങ്കേതികവിദ്യകളെ സംയോജിപ്പിക്കുന്നു.

വീഡിയോ കോളുകൾ, ഫയൽ പങ്കിടൽ, തത്സമയ സ്കൂൾ അപ്‌ഡേറ്റുകൾ, ചാറ്റ്, വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് തൽക്ഷണം ഉത്തരം നൽകുന്ന ഒരു വോയ്‌സ് അസിസ്റ്റന്റ് എന്നിവ വാഗ്ദാനം ചെയ്യുന്ന ആറ് ആപ്പുകളാണ് സിസ്റ്റത്തിൽ ഉൾപ്പെടുന്നത്. എഡ്യൂ കണക്ട് ആപ്പ് ഉപയോഗിച്ച് വെർച്വൽ എ.ഐ ടീച്ചറിന്റെ മുന്നിലുള്ള സ്ക്രീനിൽ നോട്ടുകൾ അ‌പ്ലോഡ് ചെയ്യാം. കൂടാതെ പ്രൊജക്ടറുമായി ഘടിപ്പിച്ചാൽ നോട്ടുകൾ ഡിജിറ്റൽ വൈറ്റ് ബോർഡിൽ കാണാൻ കഴിയും. വീട്ടിലിരുന്ന് മൊബൈൽ ആപ്പിൽ എഴുതിയാൽ അതും ഡിജിറ്റൽ വൈറ്റ് ബോർഡിൽ തെളിയും. ഹാജരെടുക്കാനും കുട്ടികളുമായി നേരിട്ട് ആശയവിനിമയം നടത്താനും എഐ ടീച്ചർക്ക് കഴിയും.

കുട്ടികളുടെ സ്‌കൂൾ ഐ.ഡി കാർഡ് റേഡിയോ ഫ്രീക്വൻസി ഐഡിയാക്കി സ്‌കാൻ ചെയ്‌താണ് ഹാജരെടുക്കുക. സംശയം ചോദിച്ചാലും ഉടൻ മറുപടി നൽകും. മാതാപിതാക്കൾക്ക്‌ സ്കൂൾ വാർത്തകളിൽ അപ്ഡേറ്റ് ആയി തുടരാനും അവരുടെ കുട്ടിയുടെ പുരോഗതി നിരീക്ഷിക്കാനും കഴിയും. എഡ്യൂ ബോട്ട് എ ഐ പഠനത്തെ കൂടുതൽ ആകർഷകവുമാക്കുമെന്നതാണ് വിദ്യാർത്ഥികളുടെ ഗ്യാരന്റി. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ ഈ കുട്ടി ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തം വലിയ ശ്രദ്ധയാണ് പിടിച്ചു പറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!