
മൂവാറ്റുപുഴ: തുടർച്ചയായി ഭേദപ്പെട്ട വില ലഭിച്ചു തുടങ്ങിയതോടെ പൈനാപ്പിൾ കൃഷിക്ക് ഡിമാൻഡേറുന്നു. വർഷങ്ങളായുള്ള റബർ മരങ്ങൾ വെട്ടിമാറ്റിയാണ് പൈനാപ്പിൾ കൃഷി ഇറക്കുകയാണ് പലരും. നിലവിൽ പൈനാപ്പിൾ കൃഷി ചെയ്തിരുന്നവർ കൃഷി വ്യാപിപ്പിക്കുന്ന തിരക്കിലും. ഇതോടെ പൈനാപ്പിൾ കാനിക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. പൈനാപ്പിൾ കയറ്റി അയക്കാൻ ലോറി ലഭിക്കാത്തതും കർഷകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

ഒരു മാസം മുമ്പ് പൈനാപ്പിൾ പത്ത് വർഷത്തെ ഏറ്റവും ഉയർന്ന വിലയിലെത്തിയിരുന്നു. ഇപ്പോൾ പച്ചയ്ക്ക് 40 രൂപയും പഴത്തിന് 46 രൂപയും ലഭിക്കുന്നുണ്ട്. ഉത്പാദനം കുറഞ്ഞതും ഉത്തരേന്ത്യൻ വിപണികളിൽ ഡിമാൻഡ് കൂടിയതുമാണ് പൈനാപ്പിളിന് വിലകൂടാൻ കാരണം.
മൗറീഷ്യസ് ഇനത്തിൽപ്പെട്ട പൈനാപ്പിൾ തൈകൾ ടിഷ്യുകൾച്ചർ രീതിയിൽ വളർത്തിയെടുക്കുന്നതിന് സർക്കാർ ഗവേഷണ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ഭൗമസൂചിക പദവി ലഭിച്ച വാഴക്കുളം പൈനാപ്പിൾ എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിലെ 132 ലധികം പഞ്ചായത്തുകളിലാണ് കൃഷി ചെയ്യുന്നത്.
കാനിയില്ല, ലോറിയും
ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഏക്കറിന് 80,000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് ശരാശരി പാട്ടത്തുക. മരുന്നും വളവും നനയുമായി ലക്ഷങ്ങളാണ് കർഷകർക്ക് ചെലവ്. പച്ച ചക്കയ്ക്ക് 35ഉം പഴുത്ത ചക്കയ്ക്ക് 40ഉം രൂപയെങ്കിലും കിട്ടിയാലേ കൃഷി ലാഭകരമാകൂ.ഒരു ചെടി കായ്ക്കുന്നത് വരെ 35- 40 രൂപവരെ കർഷകന് മുടക്ക് വരുന്നുണ്ട്. കഴിഞ്ഞ വർഷം അഞ്ചു മുതൽ ഒമ്പതു രൂപയ്ക്ക് വരെ ലഭിച്ച പൈനാപ്പിൾ കാനിക്ക് ഇപ്പോൾ 15 മുതൽ 17 രൂപയായി.
1. ഏതാനും മാസങ്ങളായി പൈനാപ്പിളിന് സമാന്യം ഭേദപ്പെട്ട വില ലഭിക്കുന്നതിനാൽ കർഷകർ കൃഷി വ്യാപിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ പൈനാപ്പിൾ കാനി പുറത്തേക്ക് നൽകുന്നില്ല. ഇതാണ് ക്ഷാമത്തിന് പ്രധാന കാരണം.
2. കഴിഞ്ഞ വേനലിലെ വരൾച്ചയിൽ നിന്ന് ഇനിയും പൈനാപ്പിൾ കൃഷി കരകയറിയിട്ടില്ല. വേനൽ കനത്തതും കാലാവസ്ഥാ വ്യതിയാനവും മൂലം ഉത്പാദനത്തിൽ 30- 40 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് കർഷകർ പറയുന്നു.
3. ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിൾ കയറ്റി അയക്കാൻ ലോറി ലഭ്യമല്ലാത്തതാണ് മറ്റൊരു പ്രതിസന്ധി. കേരളത്തിൽ നിന്ന് ലോഡുമായി പോകുന്ന ലോറികൾ സവാള കയറ്റിയാണ് തിരികെ എത്താറുള്ളത്. ഇപ്പോൾ സവാള ലഭ്യത കുറഞ്ഞതിനാൽ പലരും തിരികെ എത്തിയിട്ടില്ല. ഒരു വശത്തേക്ക് മാത്രം ലോഡുമായി ഓടുന്നത് നഷ്ടമായതിനാലാണ് ലോറിക്കാർ ലോഡ് എടുക്കാൻ വരാത്തത്.
